കേസുകളുടെ വിശകലനവും പരിശീലനത്തില്‍ ഉള്‍പ്പെടുത്തണം: സെന്‍കുമാര്‍
തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പട്ടികയില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതും വെറുതെവിട്ടതുമായ പ്രധാന കേസുകളുടെ വിശകലനം കൂടി ഉള്‍പ്പെടുത്തണമെന്ന് പൊലിസ് അക്കാദമി ഡയറക്ടര്‍, പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് സംസ്ഥാന പൊലിസ് മേധാവി ടി. പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടംമുതല്‍ അന്വേഷണത്തിലെ പഴുതുകളും തകരാറുകളും പോരായ്മകളും എന്തൊക്കെയായിരുന്നു, നേരിട്ടുള്ള തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍, സാഹചര്യതെളിവുകള്‍, പൊതുവായ ഉദ്ദേശ്യങ്ങള്‍, ഗൂഢാലോചനയുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്നിവ ശരിയായി വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ടോ എന്ന് വിശകലനം ചെയ്യണം. സൗമ്യ വധക്കേസ് പോലെ അന്തിമവിധി പ്രസ്താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തിനായി പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ടത്.
വധശിക്ഷ ഒഴിവാക്കിയതിന്റെ കാരണങ്ങളെന്തെല്ലാം, കേസന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാതിരിക്കാനുള്ള കാരണങ്ങള്‍, ഇത്തരം കേസുകളില്‍നിന്ന് ഭാവിയില്‍ ഉള്‍ക്കൊള്ളേണ്ട പാഠങ്ങളെന്ത് തുടങ്ങിയവ ശരിയായി പഠനവിധേയമാക്കി പരിശീലനത്തില്‍ വിശദീകരിക്കണം. വിരമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."