യു.എസുമായുള്ള യുദ്ധം ലോകത്തെ നശിപ്പിക്കും: ചൈനീസ് പ്രതിരോധമന്ത്രി
ബെയ്ജിങ്: യു.എസുമായുള്ള യുദ്ധം ലോകത്തെ തന്നെ നശിപ്പിക്കുമെന്ന് ചൈനീസ് പ്രതിരോധമന്ത്രി വീ ഫെന്ഗ്. തായ്വാനും ദക്ഷിണ ചൈന കടലിനുമിടയിലെ തര്‍ക്കത്തില്‍ തലയിടുന്നതിനെതിരേ യു.എസിന് മുന്നറിയിപ്പു നല്‍കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ ആക്രമിക്കുന്നതുവരെ ആരെയും ഞങ്ങള്‍ ആക്രമിക്കില്ല. ചൈനയും യു.എസും തമ്മില്‍ യുദ്ധമുണ്ടാകുന്നത് ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനു തന്നെയും നാശമുണ്ടാക്കും- വീ തുടര്‍ന്നു.
തായ്വാന്റെ സ്വയംഭരണത്തിന് ട്രംപ് ഭരണകൂടം നല്കുന്ന പിന്തുണ ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ അവിടെ സൈനികമായും ഇടപെടുമെന്നതാണ് ചൈനയുടെ നിലപാട്. തായ്വാനെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവസാനം വരെ ചൈന പോരാടുമെന്നു വീ വ്യക്തമാക്കി.
ഏഷ്യയിലെ ചൈനയുടെ സൈനിക ഇടപെടലുകള്‍ സ്വയം പ്രതിരോധത്തിനു മാത്രമാണെന്നും എന്നാല്‍ ആരെങ്കിലും അതിന്റെ താല്പര്യങ്ങളില് ഇടപെടുന്നത് വകവച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ വാവെയ് സ്ഥാപകന്‍ റെന്‍ സെന്ഗ്ഫി മുമ്പ് സൈന്യത്തില്‍ പ്രവര്ത്തിച്ചിരുന്നുവെന്നതല്ലാതെ അതൊരു സൈനിക കമ്പനിയല്ലെന്ന് വീ ഫെന്ഗ് പറഞ്ഞു. ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് വാവെയ്യെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."