കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്
കോഴിക്കോട്: കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീടു നിര്‍മിച്ചെന്നു ചൂണ്ടിക്കാണിച്ചാണ് നടപടി.
കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരം വീട് അളന്നപ്പോഴാണ്, അനുവദിച്ച അളവിലും കൂടുതലായി നിര്‍മാണം നടത്തിയതായി കണ്ടെത്തിയത്.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇ.ഡിയുടെ നിര്‍ദേശപ്രകാരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട് അളന്നത്. 3200 ചതുരശ്രയടിയില്‍ വീടു നിര്‍മിക്കാനാണ് കോര്‍പ്പറേഷനില്‍നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്.
2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."