മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സര്‍ണക്കടത്തിന് സഹായിക്കാന്‍ ഉപയോഗിച്ചു, ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ട്: ഇ.ഡി ഹൈക്കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഹൈക്കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിലെ സഹായത്തിനായി ഉപയോഗിച്ചുവെന്നും ഇ.ഡി പറഞ്ഞു.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.
സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി ആവശ്യപ്പെട്ടു.
എന്നാല്‍, തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. താന്‍ ഒറ്റപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി മാറി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം വസ്തുതാപരമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നും കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."