ചിരിക്കൂ... ഈ ലോകം മാറട്ടെ...
ഇന്നത്തേത് പതിവ് പ്രഭാതമല്ല.
എഴുന്നേറ്റാല്‍ തൊഴിലിടത്തേക്ക് ചാടിമറിഞ്ഞു ബസില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന പതിവിന് ഒരു മാറ്റമുണ്ടെന്നത് ഉത്സാഹം വര്‍ധിപ്പിക്കുന്നു.
മെയ് നാലിന് ചരിത്രത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അന്വേഷിച്ചിട്ടില്ല. പക്ഷേ എനിക്ക് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. പതിവുപോലെ അഞ്ചുമണിക്ക് മുന്‍പേ എഴുന്നേറ്റിരുന്നു. ഇന്നു നേരെ കൊച്ചിയിലേക്കാണ് യാത്ര.
ദൈവത്തിന്റെ സ്വന്തം നാട് ഇന്നുമുതല്‍ കുറഞ്ഞ ദിവസം കാര്‍ട്ടൂണിസ്റ്റുകളുടെ സ്വന്തം നാടാവുന്നതിന് സാക്ഷിയാവാനാണ് കൊച്ചിക്കുള്ള യാത്ര. കാര്‍ട്ടൂണിസ്റ്റുകളുടെ മഹാസംഗമത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും ദേഹം മുഴുവനും അത് അറിയുന്നു. ഈ സ്ഥിതി തുടങ്ങിയിട്ട് ദിവസം കുറച്ചായി.
ദേശീയ തലത്തില്‍ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നുള്ളവരാണെന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ഇരട്ടിപ്പിക്കുന്ന കാര്യമാണ്. ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകളുള്ളതും നമ്മുടെ ഈ കൊച്ചുകേരളത്തില്‍ തന്നെ.
ലോക കാര്‍ട്ടൂണ്‍ ദിനത്തിന്റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിക്കുന്ന ചിരി ഉത്സവമായ 'കാരിട്ടൂണ്‍' ദേശീയ കാര്‍ട്ടൂണ്‍ മേള ഇന്ന് (മെയ് നാല്) ആണ് തുടങ്ങുന്നത്. കേരള രൂപീകരണത്തിന്റെ 60ാം വര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കലാ കൈരളിക്ക് പ്രണാമം അര്‍പ്പിച്ച് നടത്തിയ മേളയില്‍ ഇന്ത്യയിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കാളികളായിരുന്നു.
ദര്‍ബാര്‍ ഹാള്‍ മൈതാനം, എറണാകുളം പ്രസ്‌ക്ലബ്ബ് ആര്‍ട്ട് ഗ്യാലറി, രാജേന്ദ്ര മൈതാനം, കുട്ടികളുടെ പാര്‍ക്ക്, ദര്‍ബാര്‍ ഹാള്‍ ഗ്യാലറി, നാണപ്പ ആര്‍ട്ട് ഗ്യാലറി എന്നീ ആറിടങ്ങളിലായാണ് മെയ് നാലുമുതല്‍ എട്ടുവരെ കാരിട്ടൂണ്‍ നടന്നത്.
കാരിട്ടൂണിന്റെ മുന്നോടിയായി കഴിഞ്ഞ മാസം ഫഌയിറ്റ് ടൂണ്‍, സോളോ ടൂണ്‍ എന്നീ പരിപാടികളും നടന്നിരുന്നു. ചൈന, റുമാനിയ, ഇറാന്‍, ഉക്രൈന്‍, ബ്രസീല്‍ തുടങ്ങിയ 30 രാജ്യങ്ങളില്‍ നിന്നുള്ള 83 കാര്‍ട്ടൂണിസ്റ്റുകളുടെ 100 സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ച പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു ലോക കാര്‍ട്ടൂണിലെ വികാസപരിണാമങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ആ പ്രദര്‍ശനത്തിന്റെ ഉദ്ഘാടകന്‍.
കാലങ്ങളായി ഒരുനോക്കുകാണാന്‍ കൊതിക്കുന്ന പലരെയും കാണാനാവുമെന്ന തോന്നല്‍ കൊച്ചി യാത്രയുടെ ഉത്സാഹം ഇരട്ടിപ്പിച്ചു. തല്‍സമയ കാര്‍ട്ടൂണ്‍ രചനയായ വരദക്ഷിണയില്‍ പങ്കെടുക്കാനാണ് ഞാന്‍ രാവിലെ എറണാകുളത്തേക്ക് ബസ് കയറിയത്.
യാത്രക്കിടയിലാണ് സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ കാര്‍ട്ടൂണ്‍മേന്‍ ബാദുഷ ആലുവയിലിറങ്ങണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടത്. അവിടെ ചെറിയൊരു പ്രോഗ്രാമുണ്ട്. വൈകിട്ട് മൂന്നുമണി ആവാറായപ്പോഴാണ് ബസ് ആലുവയിലെത്തിയത്.
ഒരു മാവിന്‍ച്ചുവട്ടില്‍ കുട്ടികളോടൊപ്പം ചിരിയും വരയും തമാശകളുമായി സമയം ചെലവിട്ടത് യാത്രയിലെ നിറമുള്ള ഓര്‍മയായി നില്‍പ്പുണ്ട്. ബാദുഷ പഠിപ്പിക്കുന്ന കുട്ടികളായിരുന്നു ആ മരത്തണലില്‍ ഞങ്ങള്‍ക്കൊപ്പം ഒത്തുകൂടിയത്.
ബാദുഷ കാര്‍ട്ടൂണിസ്റ്റ് ടോംസിനെ അനുസ്മരിച്ച് അവര്‍ക്കായി ഗംഭീര പ്രഭാഷണം തന്നെ നടത്തി. കുട്ടികളുമായി സംവദിച്ചപ്പോള്‍ അവരുടെ അജ്ഞത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. കാര്‍ട്ടൂണിസ്റ്റ് ടോംസിനെയും ബോബനെയും മോളിയെയും ഒന്നും പലര്‍ക്കും അറിയില്ല. ടെലിവിഷന്റെയും ചാനലുകളുടെയും അതിപ്രസരം നമ്മുടെയും കുട്ടികളുടെയും വായനയെ കൊന്നുകളഞ്ഞിരിക്കുന്നു. കുട്ടികള്‍ക്കറിയുന്നത് ചോട്ടാബീമും ടോറയും ബെന്‍ടനുമൊക്കെയാണ്...
ബാദുഷയുടെ വീട്ടില്‍ കുറച്ച് സമയം ചെലവഴിച്ച ശേഷമായിരുന്നു എറണാകുളത്തേക്കുള്ള യാത്ര പുനരാരംഭിച്ചത്. എറണാകുളത്തെ ട്രാഫിക് ബ്ലോക്കുമായി മല്ലടിച്ച് തളര്‍ന്ന് ദര്‍ബാര്‍ ഹാളിന്റെ മുന്‍പിലെത്തിയപ്പോള്‍ സമയം വൈകിയിട്ട് ആറു മണി.
എത്തിയ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്തു. വരക്കാനുള്ള പെന്‍സിലും മറ്റും അടങ്ങിയ കിറ്റ് അപ്പോള്‍ തന്നെ സംഘാടകര്‍ ഞങ്ങള്‍ക്കെല്ലാം നല്‍കി. പച്ചപിടിച്ച ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് വെയില്‍ മങ്ങിതുടങ്ങിയിരുന്നു. ചിരിയുടെ ആകൃതിയില്‍ മരം കൊണ്ടണ്ടുണ്ടണ്ടാക്കിയ ഈസലുകള്‍(വരക്കുന്ന സ്റ്റാന്റ്) അറുപതെണ്ണം നിരത്തിയിട്ടിരിക്കുന്ന കാഴ്ചതന്നെ ആരെയും വശീകരിക്കുന്നതായിരുന്നു. അറുപതിലേറെ കാര്‍ട്ടൂണിസ്റ്റുകള്‍ വരക്കാനിരിക്കുന്ന ആ കാഴ്ചയുടെ കുളിര്‍മ ഒരിക്കലും ഹൃയത്തില്‍ നി ന്നു വറ്റിപ്പോകില്ല.
ഈസലില്‍ ഓരോരുത്തരായി വലിയ കാന്‍വാസുകള്‍ ഘടിപ്പിച്ചു. പിന്നെ കേരളം പിന്നിട്ട 60 വര്‍ഷങ്ങളെക്കുറിച്ച് തങ്ങളുടേതായ രീതിയില്‍ കാര്‍ട്ടൂണ്‍ വര തുടങ്ങി. ധാരാളം ആളുകളാണ് കാഴ്ചക്കാരായി കൂടിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു ജനസഞ്ചയം. അവര്‍ കാഴ്ചക്കാര്‍ മാത്രമായിരുന്നില്ല, അഭിപ്രാ
യങ്ങളും തുരുതുരെ അവര്‍ക്കിടയില്‍ നിന്ന് എത്തിക്കൊണ്ടിരുന്നു. മലയാളികളല്ലാത്ത കാര്‍ട്ടൂണിസ്റ്റുകളും ഉണ്ടായിരുന്നു. അവരും വരച്ചു, അവര്‍ കണ്ടണ്ടറിഞ്ഞ കേരളത്തെ.
കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ പംക്തി കൈകാര്യം ചെയ്യുന്നവരും ഫ്രീലാന്‍സിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിച്ചവരുമെല്ലാം ഞങ്ങളുടെ കൂട്ടത്തിലുണ്ടണ്ടായിരുന്നു. പലരും സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ചു. മദ്യം ചിലര്‍ക്ക് വിഷയമായി. മദ്യക്കുപ്പിക്കകത്തു നില്‍ക്കുന്ന കേരളം, 60വയസില്‍ ഊന്നുവടിയില്‍ നിലയുറപ്പിച്ച കേരളം, പീഡനങ്ങളുടെ കേളീരംഗമായ കേരളം എന്നിങ്ങനെ ആ പട്ടിക നീ ണ്ടു. രാഷ്ട്രീയവും പലര്‍ക്കും അന്യമായില്ല. ഇ.എം.എസ്, കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടണ്ടി തുടങ്ങിയവര്‍ ക്യാന്‍വാസില്‍ തിളങ്ങിനിന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചിലരുടെ വരകളില്‍ തെളിഞ്ഞു.
കൂട്ടത്തിലെ പ്രായംകുറഞ്ഞ കാര്‍ട്ടൂണിസ്റ്റായിരുന്നു അഞ്ജന്‍ സതീഷ്. കാളവണ്ടണ്ടിക്കാലത്തെ കൊച്ചിയില്‍ നിന്നും മെട്രോ തീവണ്ടണ്ടിയിലേക്കെത്തിയിരിക്കുന്ന കൊച്ചിയുടെ വളര്‍ച്ചയാണ് അഞ്ജന്‍ ചിത്രീകരിച്ചത്. സത്യത്തില്‍ തെല്ലൊരു അസൂയയോടെയാണ് ഞാന്‍ അവനെ നിരീക്ഷിച്ചത്. മറ്റൊന്നുംകൊണ്ടല്ല, ഈ പ്രായത്തില്‍ അവന് ഇത്തരം ഒരു മഹാ കൂട്ടായ്മയുടെ ഭാഗമാവാന്‍ സാധിച്ചല്ലോ. ശാരീരിക വെല്ലുവിൡകള്‍ക്കിടയിലും അവന്റെ വരയോടുള്ള പ്രതിബദ്ധതയെ നമിക്കണം. കേരളത്തിലെ സാമൂഹിക അധഃപതനത്തെ ആസ്പദമാക്കിയായിരുന്നു എന്റെയും സൃഷ്ടി.
എന്റെ തൊട്ടടുത്ത് തടിച്ച ഒരു സ്പീഡ് കാര്‍ട്ടൂണിസ്റ്റായിരുന്നു ഇരുന്നത്. അദ്ദേഹം പൊതുജനങ്ങളിലൊരാളെ അരികിലേക്കു വിളിച്ച് തന്റെ നിവര്‍ത്തിവച്ചിരിക്കുന്ന ഈസലിനെ സാക്ഷിയാക്കി 'ഒന്നു ചിരിക്കാന്‍ ആവശ്യപ്പെട്ടു, അല്‍ഭുതം ചിരി തീരുന്നതിന് മുന്‍പ് ആ കൈകള്‍ അത്ഭുതവേഗത്തില്‍ അത് ക്യാന്‍വാസിലേക്ക് പകര്‍ത്തി. അക്ഷരാര്‍ഥത്തില്‍ ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു. നിമിഷ നേരം കൊണ്ടണ്ട് സ്പീഡ് കാര്‍ട്ടൂണിസ്റ്റ് വരച്ച തന്റെ ചിത്രം നോക്കിയ ആ മനുഷ്യന്റെ ചിരി അവസാനിക്കാന്‍ ഏറെ നേരമെടുത്തു. പിന്നെ വരപ്പിക്കാനായി അദ്ദേഹത്തിന് മുന്‍പിലേക്ക് ജനങ്ങള്‍ കൂട്ടമായി എത്തിയത് അവിശ്വസനീ യതയോടെയാണ് ഞാന്‍ വീക്ഷിച്ചത്. ഞാനും ഒന്നു രണ്ടണ്ടുപേരെ കടലാസിലേക്ക് പകര്‍ത്തി.
കൂട്ടവരയുടെ ആത്മനിര്‍വൃതിയില്‍ നിന്ന് മോചിതനായ ശേഷമായിരുന്നു മൈതാനത്ത് പുഞ്ചിരിച്ചുനില്‍ക്കുന്ന ആ മനുഷ്യനെ കണ്ടണ്ടത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍ നാഥ്, ആ മനുഷ്യന്റെ അശ്രാന്തപരിശ്രമമായിരുന്നു ഈ മഹാസംരംഭം. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാനും കാരണക്കാരനായത് മറ്റാരുമായിരുന്നില്ല.
കശ്മീര്‍ മുതല്‍ കേരളംവരെയുള്ള കാര്‍ട്ടൂണിസ്റ്റുകളെ സംഘടിപ്പിക്കുകയെന്നത് നി സാരകാര്യമാണോ. പരസ്പരം അറിയാനും സൗഹൃദംപങ്കിടാനും വേദിയൊരുക്കിയ ആ മനു ഷ്യനെ ഞങ്ങള്‍ക്കാര്‍ക്കും മറക്കാനാവില്ല. എത്ര അഭിനന്ദിച്ചാലും അധികമാവുകയുമില്ല.
കേരളാ കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടും സംഘാടക മികവിനാ ല്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. നല്ലൊരു പ്രാസംഗികനും കാര്‍ട്ടൂണിസ്റ്റുമാണ് ഇദ്ദേഹം. കാര്‍ട്ടൂണ്‍ രചനക്കു ശേഷം കേരളത്തിന്റെ
പുറത്തുനിന്നു വന്ന കാര്‍ട്ടൂണിസ്റ്റുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനുമായി എന്നത് മഹാഭാഗ്യമായി. പരേഷ്‌നാഥ്(ഖലീജ് ടൈംസ്), സുദാനി(ഡെക്കാന്‍ ക്രോണിക്കിള്‍), മനോജ് സിന്‍ഹ(ഹിന്ദുസ്ഥാന്‍ ടൈംസ്), മനോജ് കുറീല്‍(ഡല്‍ഹി), നര്‍സിം, മെഹബൂബ്, ബെന്‍ടി തുടങ്ങിയ ഒട്ടേറെ പേര്‍.
മനോജ് കുറീലിന്റെ വരകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. കേരളത്തെ 'കാര്‍ട്ടൂണിസ്റ്റുകളുടെ മെക്ക'എന്നദ്ദേഹം വിശേഷിപ്പിച്ചത് ആത്മഹര്‍ഷത്തോടെയാണ് ഞങ്ങളെല്ലാം ശ്രവിച്ചത്.
തല്‍സമയ കാര്‍ട്ടൂണ്‍ രചനക്കു ശേഷം കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍ യേശുദാസന്‍ രാത്രി ഏഴരയോടെ 'കാരിട്ടൂണ്‍' ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എന്നെപ്പോലെ എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം മറക്കാനാവാത്ത ഓര്‍മയാണ് കൊച്ചി സമ്മാനിച്ചതെന്നതില്‍ തര്‍ക്കമുണ്ടാവില്ലെന്ന് തീര്‍ച്ച.
ജോലിയില്‍നിന്നു കൂടുതല്‍ സമയം വിട്ടുനില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് വേഗം തിരിച്ചുപോരേണ്ടി വന്നത്. വലിയ ബാഗും താങ്ങിപ്പിടിച്ച് എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ബസില്‍ കയറുമ്പോള്‍ സമാപന ദിനം വരെ അവിടെ കഴിയാനാവാത്തതില്‍ ഹൃദയം തേങ്ങുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."