മലപ്പുറം ഗവ.കോളജില്‍ നാക് സംഘമെത്തി; പദവി ഉയര്‍ത്താനാകുമെന്ന് പ്രതീക്ഷ
മലപ്പുറം: അക്കാദമിക-ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡ് നിശ്ചയിക്കുന്നതിനായി നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക് ) പ്രതിനിധികള്‍ മലപ്പുറം ഗവ. കോളജില്‍ സന്ദര്‍ശനത്തിനെത്തി.
കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: സുനില്‍ ഗുപ്ത, മണിപ്പൂരില്‍ നിന്നുള്ള ബീരേന്ദ്രസിങ്, തമിഴ്‌നാട് ഗാന്ധിറാം റൂറല്‍ സര്‍വകലാശാല പ്രൊഫ. എസ്. റാം ചന്ദര്‍ എന്നിവരാണ് മൂന്നുദിവസത്തെ സന്ദര്‍ശത്തിനായി കോളജിലെത്തിയത്. രാവിലെ ഒന്‍പതിന് കോളജിലെത്തിയ നാക് പ്രതിനിധി സംഘത്തെ ജനപ്രതിനിധകള്‍, കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്നലെ മലയാളം, എക്കണോമിക്‌സ്, കൊമേഴ്‌സ്, ഉറുദു, ഇസ്‌ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റുകളില്‍ സംഘം സന്ദര്‍ശനം നടത്തി. ഭൗതിക-അക്കാദമിക അന്തരീക്ഷം വിലയിരുത്തിയതോടൊപ്പം ക്ലാസുകളില്‍ കയറി വിദ്യാര്‍ഥികളുമായി സംവദിച്ചു. രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി.
ഇന്ന് കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, ഇംഗ്ലീഷ് പഠന വകുപ്പുകള്‍ക്കു പുറമേ കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി, മറ്റുക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നിവയും സംഘം വിലയിരുത്തും. സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായ നാളെ എക്‌സിറ്റ് മീറ്റിങ് നടക്കും. 2006 ലാണ് നാക് സംഘം ഇതിനുമുമ്പ് കോളജില്‍ സന്ദര്‍ശനം നടത്തിയത്. നിലവില്‍ കോളജിന് ബി ഗ്രേഡാണുള്ളത്. പത്തുവര്‍ഷത്തിനിടെ കോളജിലുണ്ടായ ഭൗതിക-അക്കാദമിക രംഗത്തെ പുരോഗതി പരിഗണിച്ച് കോളജിന്റെ ഗ്രേസ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."