ലേബര്‍ കമ്മിഷണറുടെ നിര്‍ദേശമെത്തിയില്ല തോട്ടം തൊഴിലാളികള്‍ ഇപ്പോഴും പൊള്ളുന്ന വെയിലില്‍
കല്‍പ്പറ്റ: വയനാട്ടില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സമയക്രമീകരണം ഏര്‍പ്പെടുത്തണമന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും ജില്ലാ ഭരണകൂടത്തിനും തൊഴില്‍ വകുപ്പിനും അനങ്ങാപ്പാറ നയം. ഇതോടെ ജില്ലയിലെ തേയിലത്തോട്ടം മേഖലയിലെയും നിര്‍മാണ മേഖലയിലേയും ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും കടുത്ത ചൂടിലും ജോലി തുടരുകയാണ്. തോട്ടം മേഖലയിലെ തൊഴിലാളികളെയാണ് സമയക്രമീകരണം നടപ്പിലാക്കാത്തത് കൂടുതല്‍ ബാധിക്കുന്നത്. കനത്ത ചൂടില്‍ മുന്‍കരുതലുകളൊന്നുമില്ലാതെയാണ് തോട്ടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ചൂട് കനത്തിട്ടും കഴിഞ്ഞദിവസം ചാറ്റല്‍ മഴ പെയ്തു എന്നു പറഞ്ഞാണ് തോട്ടം മാനേജ്‌മെന്റുകള്‍ തൊഴിലാളികള്‍ക്ക് വെയില്‍ കനക്കുന്ന ഉച്ച സമയത്ത് വിശ്രമം അനുവദിക്കാതെ തൊഴിലെടുപ്പിക്കുന്നത്.
ജില്ലയില്‍ ഇതിനകം മൂന്നു പേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയെങ്കിലും ജില്ലാ ഭരണകൂടം ഇതുവരെ സമയക്രമീകരണം സംബന്ധിച്ച് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. തോട്ടം മാനേജ്‌മെന്റുകള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കേണ്ടത് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരാണ്. ലേബര്‍ കമ്മിഷണറില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്നതിനനുസരിച്ചാണ് ഇവര്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. എന്നാല്‍ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങളൊന്നും ഇതുവരം ലേബര്‍ കമ്മിഷണറില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."