ബഹ്‌റൈനില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം; പഞ്ചാബ് സ്വദേശി മരിച്ചു
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം രാത്രി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ഇവിടെ ഗഫൂള്‍ പ്രവിശ്യയിലെ 1225ാം റോഡില്‍ ബ്ലോക്ക് നമ്പര്‍ 312 ലുള്ള കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പഞ്ചാബ് സ്വദേശിയായ നരേഷ് കുമാര്‍ (45) ആണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് നരേഷ് കുമാര്‍ മരിച്ചതെന്ന് കരുതുന്നു. പൊള്ളലേറ്റവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചു.
മഞ്ജിത് സിങ്ങ് (25), ഇമ്രാന്‍(33), ലഖന്‍ ബര്‍സിങ്ങ് (21), പ്രജബ് സിങ്ങ് (49), രജീബ് കുമാര്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. തീ പിടിക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യക്കാരായ 45 പേര്‍ ഉണ്ടായിരുന്നു. സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് തീയണച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) രംഗത്തുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ചൂട് കൂടിയതോടെ പലയിടത്തും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മനാമ 'ബംഗാളി ഗല്ലി' എന്ന സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കെട്ടിടം അനധികൃതമായി വാടകയ്ക്കു നല്‍കിയതിന്റെ പേരില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ കേടായ എ.സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ചൂടു കൂടിയതിനാല്‍ അനിയന്ത്രിതമായ രീതിയില്‍ എ.സി ഉപയോഗിക്കുന്നത് തീപിടിത്തത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."