ബഹ്‌റൈനില്‍ ഇനി രാജ്യം വിടുന്നവരുടെ വിരലയാളവും രേഖപ്പെടുത്തും
മനാമ: ബഹ്‌റൈനില്‍ രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള പാര്‍ലമെന്റ് നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതുവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ കണ്ണ്, വിരല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്തിരുന്നത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടുന്നവര്‍ എന്തിനാണ് രാജ്യം വിട്ടുപോയതെന്നും ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണോ എന്നുകൂടി രേഖപ്പെടുത്തപ്പെടും. കുറ്റവാളികളാണെങ്കില്‍ ബഹ്‌റൈനില്‍ ഇറക്കാതെ തന്നെ തിരിച്ചയയ്ക്കുകയും ചെയ്യും. ഇത് കൂടാതെ പാര്‍ലമെന്റ് സമര്‍പ്പിച്ച മറ്റ് നാല് നിര്‍ദേശങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
ബുസൈത്തീനില്‍ ഹാള്‍ നിര്‍മിക്കുക, അല്‍ ഫാത്തിഹ് അവന്യൂവില്‍ അറ്റകുറ്റപ്പണി നടത്തുക, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോര്‍ട്‌സ് ആന്‍ഡ് റസിഡന്റ്‌സ് അഫയേഴ്‌സിനു പുതിയ ബില്‍ഡിങ് നിര്‍മിക്കുകയും ബ്രാഞ്ചുകള്‍ തുറക്കുകയും ചെയ്യുക എന്നിവയാണ് അംഗീകാരം നേടിയ മറ്റു നിര്‍ദേശങ്ങള്‍.
അയല്‍രാജ്യങ്ങളിലെ സമുദ്ര പ്രദേശങ്ങളില്‍ മത്സ്യം ചത്തുപൊങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ബഹ്‌റൈനില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും മതിയായ നിരീക്ഷണം നടത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എണ്ണയിതര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വിലയിരുത്തുകയും ചെലവു ചുരുക്കാനുള്ള നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. മലേഷ്യ, ബ്രൂണയ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുമായി സാമ്പത്തിക, നിക്ഷേപ, രാഷ്ട്രീയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള വഴി തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."