പ്രളയക്കെടുതി: ലോകബാങ്ക്-എ.ഡി.ബി സംഘം ജില്ല സന്ദര്‍ശിച്ചു
തൃശൂര്‍: ലോകബാങ്കിന്റെയും എ.ഡി.ബി യുടെയും പ്രത്യേക സംഘം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രളയക്കെടുതി മൂലം ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യമുള്ള സഹായം നല്‍കുവാനുമാണ് എട്ടംഗസംഘം ജില്ലയിലെത്തിയത്. രാവിലെ ഏട്ടരയോടെ ഹോട്ടല്‍ ലൂസിയ പാലസില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ പ്രളയക്കെടുതി മൂലം ജില്ലയ്ക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തി.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രത്യേക പവ്വര്‍ പോയിന്റ് പ്രസേന്റേഷന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. കെടുതികള്‍ സംബന്ധിച്ച ഏകദേശചിത്രം ജില്ലാ കലക്ടര്‍ ടി.വി അനുപമ സംഘത്തിന് മുന്‍പാകെ വിവരിച്ചു.
തുടര്‍ന്ന് ഓരോ വകുപ്പ് മേധാവികളും അവരവരുടെ വകുപ്പുകള്‍ക്ക് കീഴിലെ നാശനഷ്ടകണക്കുകളും ആവശ്യങ്ങളും വിവരിച്ചു. ലോകബാങ്കിനെ പ്രതിനിധീകരിച്ച് സീനിയര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് യഷിക മാലിക്, എന്‍വിറോണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപ ബാലകൃഷ്ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകളായ പീയുഷ് ഷേക്‌സരിയ, പ്രിയങ്ക ദിസനായകെ, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് പി.കെ കുര്യന്‍, എ.ഡി.ബി പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് അലോക് ഭരദ്വാജ്, സീനിയര്‍ അര്‍ബന്‍ സ്‌പെഷലിസ്റ്റ് അശോക് ശ്രീവാസ്തവ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗശേഷം മൂന്ന് സംഘമായി പിരിഞ്ഞാണ് ലോകബാങ്ക് പ്രതിനിധികള്‍ ജില്ലയുടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ആദ്യസംഘം കൃഷി നാശമുണ്ടായ മുല്ലശ്ശേരി എലവത്തൂര്‍ കിഴക്കെ കോള്‍പടവ്, വീടുകള്‍ക്ക് നാശം സംഭവിച്ച വടക്കന്‍ പുളള് പ്രദേശം, എട്ടുമുന ഇല്ലിക്കല്‍ ബണ്ട്, ആറാട്ടുപുഴ റോഡ് തകര്‍ന്ന പ്രദേശം, കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ നടന്നയിടം, ചീരക്കുഴി ഡാം മേഖല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
ജില്ലാ കലക്ടര്‍ ടി.വി അനുപമ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി.ജെ ജെയിംസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. മറ്റ് രണ്ട് സംഘങ്ങള്‍ പ്രളയം ഏറ്റവുമധികം ബാധിച്ച ചാലക്കുടി എസ്.എച്ച് കോളജ്, ചാലക്കുടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി, മേലൂര്‍ റാപോള്‍ സാനിപ്ലാസ്റ്റ്, വൈയ്യന്തല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രദേശം, പാണഞ്ചേരി ജലനിധി പദ്ധതി എന്നിവ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
സബ് കലക്ടര്‍ ഡോ. രേണുരാജ്, ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഡോ. റജില്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു. വൈകുന്നേരത്തോടെ സംഘം പാലക്കാട്ടേക്ക് യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."