സംവരണ അട്ടിമറി: സര്‍ക്കാര്‍ പദ്ധതിയൊരുക്കിയത് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വഴി
മലപ്പുറം: മുന്നോക്ക സംവരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സംവരണ അട്ടിമറി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ കെ. ശശിധരന്‍ നായര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വഴി.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ജനസംഖ്യാ സംബന്ധമായോ തൊഴില്‍, വിദ്യാഭ്യാസ പ്രാതിനിധ്യം സംബന്ധിച്ചോ യാതൊരു പഠനവും നടത്താതെയുള്ള സമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ധൃതിപിടിച്ച് എഴുതി വാങ്ങുകയായിരുന്നു. മുന്നോക്ക സംവരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തന്നെ പരക്കെ വിമര്‍ശനവിധേയമായിരുന്നു. എന്നാല്‍ കേന്ദ്രനയത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ സവര്‍ണ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ, മുന്‍ ജഡ്ജിയും മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുമായ കെ. ശശിധരന്‍ നായര്‍ ചെയര്‍മാനായ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ നിശ്ചയിക്കാന്‍ കുടുംബ വാര്‍ഷികവരുമാനം നാലു ലക്ഷമാക്കി നിജപ്പെടുത്തിയ സമിതി കോടിക്കണക്കിനു രൂപയുടെ മറ്റ് ആസ്തിയുള്ളവരെ വരെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. പഞ്ചായത്തില്‍ 2.5 ഏക്കര്‍ വരെയും മുനിസിപ്പാലിറ്റിയില്‍ 75 സെന്റ് വരെയും കോര്‍പറേഷനില്‍ 50 സെന്റ് വരെയും ഭൂമിയുള്ളവരെ നിലവില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി പോലുള്ള നഗരങ്ങളുടെ ഹൃദയഭാഗങ്ങളിലടക്കം സ്വന്തമായി 50 സെന്റു വരെ ഭൂമിയുള്ളവരെയും സാമ്പത്തികമായി പിന്നോക്കക്കാരുടെ വിഭാഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ഷിക വരുമാനത്തിനു പുറമെ ഗ്രാമീണ മേഖലയില്‍ രണ്ടര ഏക്കര്‍ ഭൂമിയുള്ളവരെ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക മുന്നോക്ക വിഭാഗക്കാരും ഈ സംവരണത്തിന് അര്‍ഹരാകും. ഇവര്‍ എങ്ങനെ സാമ്പത്തികമായി പാവപ്പെട്ടവരാകും എന്ന ചോദ്യത്തിനു സമിതി വിശദീകരണം നല്‍കുന്നില്ല.
സംസ്ഥാനത്തെ ആകെ മുന്നോക്ക ജനസംഖ്യയെക്കുറിച്ചോ ഇതില്‍ സാമ്പത്തികമായി പിന്നോക്കമായവര്‍ എത്ര ശതമാനമുണ്ട് എന്നതു സംബന്ധിച്ചോ യാതൊരു പഠനവും നടത്താതെയാണ് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയത്. 10 ശതമാനം സാമ്പത്തിക സംവരണത്തിന് സവര്‍ണ വിഭാഗക്കാര്‍ മാത്രമാണ് അര്‍ഹര്‍. പിന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഊ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ല.
പേരില്‍ 10 ശതമാനം, നല്‍കുന്നത് 20 ശതമാനം
മലപ്പുറം: 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതോടെ ഫലത്തില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്കു ലഭിക്കുന്നത് 20 ശതമാനം സംവരണം. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കൂടിയുള്ള 50 ശതമാനം സംവരണം മാറ്റിവച്ച് ശേഷിക്കുന്ന 50 ശതമാനത്തിലാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇങ്ങനെയെങ്കില്‍ 100 ഒഴിവുകളില്‍ അഞ്ച് ഒഴിവുകളേ മുന്നാക്ക വിഭാഗത്തിന് ലഭിക്കേണ്ടതുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലസ് വണ്‍ അലോട്ട്‌മെന്റുകളില്‍ ഉള്‍പ്പെടെ 50 ശതമാനം ജനറല്‍ സീറ്റുകളില്‍ 20 ശതമാനം (10 സീറ്റുകള്‍) മുന്നോക്ക വിഭാഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. തൊഴില്‍ സംവരണവും ഇതേ രീതിയിലാണ് നടപ്പാക്കുന്നത്.
ശശിധരന്‍ നായര്‍ കമ്മിറ്റി നല്‍കിയ സംവരണ റൊട്ടേഷന്‍ വ്യവസ്ഥയുടെ പുനഃക്രമീകരണം പി.എസ്.സിയും സംസ്ഥാന സര്‍ക്കാരും അതേപടി അംഗീകരിക്കുകയായിരുന്നു. ഇതിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരമുണ്ടായിരുന്ന ഓപ്പണ്‍ മെറിറ്റ് നിയമനങ്ങളില്‍ 100 പോയിന്റ് റോസ്റ്ററിലെ ഒന്‍പത്, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ഊഴങ്ങളില്‍ ഇനി മുന്നോക്ക വിഭാഗങ്ങള്‍ക്കു മാത്രമായിരിക്കും അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."