ജനകീയ മത്സ്യക്കൃഷി രണ്ടാം ഘട്ടം; മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തിരുവനന്തപുരം: ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തിരുപുറം ഗ്രാമപഞ്ചായത്തിലെ മാവിളക്കടവില്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പഞ്ചായാത്ത് വൈസ് പ്രസിഡന്റ് മേഴ്‌സിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. ക്രിസ്തുദാസ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങള്‍ പ്രയോജനപ്പെടുത്തി മത്സ്യോത്പാദനം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം വഴി അനുദിനം ശോഷിച്ചു വരുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ അളവ് ഗണ്യമായി നിലനിര്‍ത്താന്‍ സാധിക്കും.
വാണിജ്യപരമായ പ്രാധാന്യമുള്ള പ്രത്യേക ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും അതുവഴി ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങാവുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒന്‍പത് ഫിഷറീസ് മാനേജ്മന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ശുദ്ധജല മത്സ്യങ്ങളായ കാര്‍പ്പ് ഇനത്തില്‍പ്പെട്ട കട്‌ല, രോഹോ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് മാവിലക്കടവില്‍ നിക്ഷേപിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ലാല്‍, സുജാത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ ദാസ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ചന്ദ്രദാസ്, തിരുപുറം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് ജയന്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഒ. അനിത, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിരാജ് വിക്ടര്‍, തിരുപുറം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ശോഭകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ബീന സുകുമാര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷീജ മേരി ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."