അഫ്ഗാഗില് യു.എസ് ആക്രമണം: തൃക്കരിപ്പൂര്‍ സ്വദേശിയുള്‍പ്പെടെ പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിവരം, മരിച്ചവരില്‍ മൂന്ന് വനിതകളും നാലു കുട്ടികളും
തൃക്കരിപ്പൂര്‍: അഫ്ഗാനിലെ യു.എസ് ആക്രമണത്തില്‍ തൃക്കരിപ്പൂര്‍ സ്വദേശിയുള്‍പ്പെടെ പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരില്‍ മൂന്ന് വനിതകളും നാലു കുട്ടികളും ഉള്‍പ്പെടും. 2016ല്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍പ്പെട്ട തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ്(40) ആണ് ഒരു മാസം മുന്‍പ് അഫ്ഗാനിലെ ഖുറാസാനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരണ വിവരം ദേശീയ ഭീകരവാദ വിരുദ്ധ സേനയും ബന്ധുക്കളും സ്ഥിരീകരിച്ചിട്ടില്ല. അബ്ദുല്‍ റാഷിദ് ഭാര്യയും രണ്ടു മക്കളുള്‍പ്പെടെ 2016 ജൂണില്‍ 21 പേരാണ് മതപഠനത്തിനും ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനുമായി പോകുന്നുവെന്ന് പറഞ്ഞു വീട് വിട്ടുപോയത്.
ഇവര്‍ അഫ്ഗാനില്‍ ഐ.എസ് കേന്ദ്രത്തിലെത്തിയതായി കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഭീകര വിരുദ്ധ വിഭാഗവും പറഞ്ഞിരുന്നു. സംഘത്തില്‍ പെട്ട ഹഫീസുദ്ദീന്‍, ഷിഹാസ്, മന്‍ഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവര്‍ മുന്‍പ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ഇവരുടെ മരണ വിവരങ്ങള്‍ റാഷിദാണ് ടെലിഗ്രാം സന്ദേശം വഴി ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നത്.
കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രത്തിലേക്ക് യുവാക്കളെ എത്തിക്കുന്നതില്‍ പ്രധാന കണ്ണിയാണ് അബ്ദുള്‍ റാഷിദെന്നാണ് പൊലിസ് പറയുന്നത്. കൊല്ലപ്പെട്ടുവെന്ന് കരുതുന്ന റാഷിദിനെ കൂടാതെ ഭാര്യ എറണാകുളം വൈറ്റില സ്വദേശിനി ആയിഷ (സോണി സെബാസ്റ്റ്യന്‍ -25), മകള്‍ രണ്ടു വയസുകാരി സാറ, പടന്നയിലെ ഡോ. പികെ ഇജാസ് (35), ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ. ജസീല (26), രണ്ടു വയസുകാരന് മകന് അനാന്‍, സഹോദരന് പികെ ശിഹാസ് (28), ഭാര്യ മംഗളുരു ഉള്ളാള്‍ സ്വദേശിനി അജ്മല(20), തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ്(25), തൃക്കരിപ്പൂരിലെ കെവിപി മര്വാന്(23), പടന്ന ആശുപത്രിക്ക് സമീപം ഹഫീസുദ്ധീന്‍ (28), പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ അഷ്ഫാഖ്(30), ഭാര്യ ഉദിനൂര്‍ പരിത്തിച്ചാലിലെ ഷംസിയ(24), ഒന്നര വയസ്സുള്ള മകള്‍ ആയിഷ, മൈതാനിയിലെ ഫിറോസ്(25), പടന്ന വടക്കെപ്പുറത്തെ മുര്‍ഷിദ് മുഹമ്മദ് (25), കാവുന്തലയിലെ സാജിദ് (26), പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാരായ ആയിഷ, മറിയം എന്നിവരുള്‍പെടെ 21 പേരാണ് ഒരേ സമയം വീടുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."