നെടുമങ്ങാട് താലൂക്ക് മൂന്നു മണിക്കൂറില്‍ ശേഖരിച്ചത് നാലേകാല്‍ കോടി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെടുമങ്ങാട് താലൂക്കിന്റെ സംഭാവന നാലേകാല്‍ കോടിയിലേറെ രൂപ. രാവിലെ പത്തിനു തുടങ്ങിയ ധനശേഖരണം മൂന്നു മണിക്കൂര്‍ കൊണ്ട് 4,26,29,525 രൂപയിലെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ഥം ടൂറിസം സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ധനശേഖരണ യജ്ഞം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. കരകുളം ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് അധികൃതര്‍ മന്ത്രിക്കു കൈമാറി. നെടുമങ്ങാട് താലൂക്ക് ഓഫിസ് 42 ലക്ഷം നല്‍കി. 38 ലക്ഷം രൂപയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവന. നെടുമങ്ങാട് മുനിസിപ്പാലിറ്റി 25 ലക്ഷവും അരുവിക്കര പഞ്ചായത്ത് 20 ലക്ഷവും പനവൂര്‍, നന്ദിയോട്, കല്ലറ, തൊളിക്കോട്, നെല്ലനാട് ഗ്രാമപഞ്ചായത്തുകള്‍ പത്തു ലക്ഷം വീതവും നല്‍കി.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വിവിധ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നെടുമങ്ങാട് താലൂക്കിലെ ജനങ്ങള്‍ അകമഴിഞ്ഞു സംഭാവന നല്‍കിയതിനു സര്‍ക്കാരിന്റെ പേരില്‍ നന്ദി അറിയിക്കുന്നതായി ധനശേഖരണ യജ്ഞത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നൂറ്റാണ്ടിനിപ്പുറം കേരളത്തിലുണ്ടായ വലിയ പ്രളയക്കെടുതിയില്‍നിന്ന് കരയേറാന്‍ എല്ലാവരും ഒത്തൊരുമിച്ചു നില്‍ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, കെ.എസ് ശബരീനാഥന്‍, ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, എ.ഡി.എം വി.ആര്‍ വിനോദ് തുടങ്ങിയവര്‍ ധനശേഖരണ യജ്ഞത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."