ചെങ്ങന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലക്ക് നെടുമങ്ങാടിന്റെ സ്‌നേഹ സമ്മാനം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പഠന നിത്യോപയോഗ വസ്തുക്കള്‍ നഷ്ടപ്പെട്ട ചെങ്ങന്നൂരിലെ വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിച്ച് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല. 45000 നോട്ടുബുക്കുകള്‍, ബാഗുകള്‍, കുടകള്‍, ചെരുപ്പ്, പേന, പാത്രങ്ങള്‍ തുടങ്ങി നിരവധി പഠന നിത്യോപയോഗ വസ്തുക്കളാണ് ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്.
ചെങ്ങന്നൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ സജി ചെറിയാന്‍ എം.എല്‍.എ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, അരുവിക്കര, കരകുളം, പനവൂര്‍, ആനാട് എന്നീ പഞ്ചായത്തുകളും നെടുമാങ്ങാട് മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ് നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല. ഇവിടെയുള്ള 74 സ്‌കൂളുകളിലെ കുട്ടികളാണ് വസ്തുക്കള്‍ ശേഖരിച്ചത്. സെപ്തംബര്‍ നാല്, അഞ്ച് തീയതികളിലായാണ് നെടുമങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും സ്‌കൂള്‍ പഠന നിത്യോപയോഗ വസ്തുക്കള്‍ ശേഖരിച്ചത്. 22,000 ത്തോളം കുട്ടികളാണ് ഇതിന്റെ ഭാഗമായത്. നെടുമങ്ങാട് നിന്ന് നാല് ബസുകളായിട്ടാണ് ഇവ ചെങ്ങന്നൂരില്‍ എത്തിച്ചത്.
നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ വണ്ടികള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അധ്യാപകരും രക്ഷിതാക്കളും പ്രഥമ അധ്യാപകരും യാത്രയില്‍ പങ്കെടുത്തു. നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം. രാജ്കുമാര്‍, ബി.പി.ഒ കെ. സനല്‍കുമാര്‍, എച്ച്.എം ഫോറം സെക്രട്ടറി അനീഷ് പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ധനസമാഹരണ യജ്ഞത്തിലും നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയുടെ മികച്ച പിന്തുണയാണുണ്ടായത്.
വിവിധ സ്‌കൂളുകളില്‍ നിന്നായി 8,70,657 രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി നെടുമങ്ങാട് എ.ഇ.ഒ എം. രാജ്കുമാര്‍ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ധനസമാഹരണ യജ്ഞത്തിന്റെ ആദ്യ ദിനം തന്നെ നാലര ലക്ഷത്തോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."