ഗര്‍ഭിണിയുടെ വീടുകയറി അക്രമണം; രണ്ടു പേര് പിടിയില്‍
കാട്ടാക്കട: കാട്ടാക്കടയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച ശേഷം സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പടെ രണ്ട് പേരെ കാട്ടാക്കട പൊലിസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത കാട്ടാക്കട കട്ടയ്ക്കോട് ചെവിയന്‍കോട് സ്വദേശി, കട്ടയ്ക്കോട് പൂഞ്ഞാംകോട് ചെവിയംകോട് സുനുഭവനില് നെല്‍സണ്‍ (42)എന്നിവരെയാണ് ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ കാട്ടാക്കടയില്‍ നിന്നും സംഭവത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനിടയില്‍ നെല്സണെയുമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ എട്ടംഗ സംഘമുള്ളതായും മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലിസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തയാളെ ഇന്നലെ പുലര്‍ച്ചെയാണ് പിടികൂടിയത്.
ഗര്‍ഭിണിയെ ആക്രമിച്ചതിനും രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും എട്ടുപേര്‍ക്കെതിരേ കാട്ടാക്കട പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലും നെല്‍സനെ ആശുപത്രിയില്‍ നിന്ന് മജ്സ്ട്രേറ്റിന് മുന്നിലും ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് കട്ടയ്ക്കോട് ചെവിയന്‍കോട് ഷൈന്‍ സദനത്തില്‍ ഷൈനിന്റെ ഭാര്യയും ആറുമാസം ഗര്‍ഭിണിയുമായ ആന്‍സി (20), ആന്‍സിയുടെ ഭര്‍ത്താവ് ഷൈനിന്റെ സഹോദരങ്ങളായ അഭിലാഷ് (27), അഖില്‍ (23) എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്.
അഖിലിനേയും അഭിലാഷിനേയും അന്വേഷിച്ച് ഇന്നലെ എട്ടംഗ അക്രമി സംഘം ആന്‍സിയുടെ വീട്ടിലെത്തിയത്.
ഈ സമയം വീട്ടില്‍ ആന്‍സി മാത്രമാണുണ്ടായിരുന്നത്. ഇരുവരും സ്ഥലത്തില്ലെന്ന് അറിയിച്ച ആന്‍സിയെ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ സമയം ആന്‍സിയുടെ ഭര്‍ത്താവ് അഖില്‍ വീട്ടിലില്ലായിരുന്നു. മര്‍ദനമേറ്റ ഗര്‍ഭിണിയായ ആന്സിയെആശുപത്രിയിലാക്കാന് ശ്രമിക്കുന്നതിനിടയില്‍ തിരിച്ചെത്തിയ അക്രമിസംഘം വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ അഭിലാഷിന് തലയ്ക്കും അഖിലിന് കൈയ്ക്കും വെട്ടേറ്റു.
ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആന്‍സി എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. ഓണത്തിന് ഈ പ്രദേശത്ത് അക്രമം നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് അഖിലിനെയും അഭിലാഷിനെയും ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."