വേദനയോടെ വീണ്ടുമൊരു പെരുന്നാള്‍; മുറിവുണങ്ങാത്ത വേദനകളുമായി ജുനൈദിന്റെ സഹോദരന് കുറ്റ്യാടിയില്‍
കുറ്റ്യാടി: വീണ്ടുമൊരു പെരുന്നാള്‍ ദിനം വന്നണഞ്ഞിരിക്കുന്നു. എങ്കിലും ആ വേദനകള്‍ കാസിമിനെ വിട്ടു പോവുന്നില്ല. ഹരിയാനയില്‍ സംഘ്പരിവാറുകാര്‍ വധിച്ച ഹാഫിദ് ജുനൈദിന്റെ സഹോദരന് കാസിമാണ് മറക്കാനാവാത്ത ആ നൊമ്പരങ്ങളുമായി ഇപ്പോള്‍ കേരളത്തിലുള്ളത്. പെരുന്നാളിന്റെ നറുമണത്തിന് പകരം ട്രെയിന്‍ ബോഗിയില്‍ തളം കെട്ടിനിന്ന ചോരയുടെ മണമാണ് ഇപ്പോഴും മനസിലെന്ന് കാസിം പറയുന്നു. ട്രെയിനില്‍ വെറുമൊരു സീറ്റ് തര്‍ക്കം മാത്രമാണുണ്ടായത്. ഒടുവില്‍ പാകിസ്താനി എന്ന് ആക്രോശിച്ചു ജുനൈദിനെ അവര്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരായ ഹാശിം, ശക്കീര്‍ എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഉപ്പ ജലാലുദ്ധീനും ഉമ്മ സൈറാ ബാനുവും ആകെ തളര്‍ന്നു പോയി. അതില്‍ പിന്നെ ഉപ്പയ്ക്ക് മൂന്ന് തവണ ഹൃദയാഘാതമുണ്ടായി. ഉമ്മ സൈറാ ബാനുവിന്റെ ഞടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ല. ജുനൈദടക്കം എട്ടുപേരാണ് ഞങ്ങള്‍. ശാക്കിര്‍, ഇസ്മാഈല്‍, ഹാശിം, കാസിം, ജുനൈദ്, ആദില്‍ ഫൈസല്‍. ഏഴ് ആണ്‍കുട്ടികളും റാബിയ എന്ന ഒരു സഹോദരിയും. എല്ലാവരും വി.ഖുര്‍ആന്‍ ഹൃദ്വിസ്ഥമാക്കിയവരാണ്. എന്റെ നേരെ ഇളയതും ആറാമനുമാണ് ജുനൈദ്. വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിന് ഉമ്മ നല്കിയ സമ്മാനത്തുകയുമായി റമദാന് 28ന് ഡല്‍ഹിയില്‍ പോയി പെരുന്നാള്‍ വസ്ത്രങ്ങളും പലഹാരങ്ങളും വാങ്ങി തിരികെ വരികയായിരുന്നു. അതിനിടെയാണ് കിരാത അക്രമം. കുടുംബത്തിന്റെ എക്കാലത്തെയും സന്തോഷമാണ് ഇതോടെ ഇല്ലാതായത്.
നീതി കിട്ടുമെന്ന് ഇപ്പോഴും വിശ്വാസമുണ്ട്. എങ്കിലും അധികാരകളടക്കമുള്ളവര് പ്രതികള്ക്കൊപ്പമെന്നത് സങ്കടം ഉണ്ടാക്കുന്നുണ്ട്. കേവലം 26 ദിവസം മാത്രമാണ് പ്രതികള്‍ ജയിലില്‍ കഴിഞ്ഞത്. സംഭവത്തില്‍ പിന്നെ നിരവധി ആളുകള്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ വീട്ടിലെത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കതിന് കഴിയില്ല. നീതി കിട്ടുംവരെ പോരാടും. കേരളത്തില്‍ നിന്നടക്കം നിരവധിപേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി മാത്രമാണുള്ളത്. കാസിം പറയുന്നു.
അകാലത്തില്‍ പൊലിഞ്ഞ ജുനൈദിന്റെ ഓര്‍മയ്ക്കായി വീടിനടുത്ത് തന്നെ ഒരു ഉന്നത വിദ്യാഭ്യാസ നിര്‍മ്മിക്കാനൊരുങ്ങുകയാണ് കുടുംബം. ഖുര്‍ആന്‍ പഠനത്തോടൊപ്പം ഭൗതിക പഠനവും ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലക്ഷ്യം. നിര്‍മ്മാണത്തിനായി അര ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കാനായിട്ടില്ല. ഇതിനായി പണം കണ്ടെത്താന്‍ കേരളത്തിലെത്തിയതാണ് കാസിം.
കുറ്റ്യാടി പാലേരി പാറക്കടവ് സ്വദേശിയും ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകനുമായ അഷ്ഫാഖിന്റെ സഹായത്തിലാണ് കാസിം പാലേരിയിലെത്തിയത്. താമസവും മറ്റു സൗകര്യവും പാറക്കടവ് പള്ളിയില്‍ മഹല്ല് കമ്മിറ്റി ഒരുക്കി നല്കി.ഇവിടെ ചിലപ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കൂടാതെ മഹല്ല് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയുടെയും ഉദാരമതികളില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ പിരിച്ചു നല്‍കുകയും ചെയ്തു. സമീപ മഹല്ലുകളില്‍ നിന്നും ആളുകളെ കാണാനും മറ്റുമായി പ്രത്യേക വാഹന സൗകര്യവും മഹല്ലു കമ്മിറ്റി ഒരുക്കി നല്കി.
ഇതിനിടെ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈറിന്റെ വീട്ടില്‍ നോമ്പ് തുറക്കാനിടയായ അനല്പമായ സന്തോഷവും കാസിം പങ്കുവെച്ചു. പെരുന്നാള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാണ് തീരുമാനമെന്നും അതിനായി പോകുമെന്നും കാസിം പറഞ്ഞു. ആറിനാണ് നാട്ടിലേക്ക് തിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."