സന്ദീപ് നായരുടെ രഹസ്യ മൊഴിപ്പകര്‍പ്പ് കസ്റ്റംസിന് നല്‍കാനാവില്ലെന്ന് എന്‍.ഐ.എ കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനു നല്‍കാനാവില്ലെന്നു കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി.
മൊഴിപ്പകര്‍പ്പിനു വേണ്ടിയുള്ള കസ്റ്റംസിന്റെ അപേക്ഷ എന്‍.ഐ.എ കോടതി തള്ളി. മുദ്രവച്ച കവറില്‍ സൂക്ഷിച്ചിട്ടുള്ള മൊഴിയുടെ പകര്‍പ്പ് കേസിന്റെ അന്വേഷണാവസ്ഥയില്‍ നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
മൊഴിപ്പകര്‍പ്പുകള്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ നല്‍കാവൂവെന്നു എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പു മൊഴിപ്പകര്‍പ്പു നല്‍കുന്നതിനെ എതിര്‍ത്ത എന്‍.ഐ.എയുടെ വാദം അംഗീകരിച്ചാണ് പകര്‍പ്പ് അപേക്ഷ നിരസിച്ചത്.
മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിട്ടുള്ള സന്ദീപിന്റെ രഹസ്യമൊഴികള്‍ ചോരാന്‍ ഇടവരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് എന്‍.ഐ.എ സ്വീകരിച്ചത്. മൊഴികളിലെ വിവരം പുറത്തു വരുന്നതു സന്ദീപിന്റെ ജീവനുപോലും ഭീഷണിയാവുമെന്നു പ്രതിഭാഗവും ബോധിപ്പിച്ചു.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണു സന്ദീപ് കോടതി മുന്‍പാകെ രഹസ്യ മൊഴി നല്‍കിയത്. കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത എന്‍.ഐ.എ പരിശോധിക്കുന്നതിനിടയിലാണു കസ്റ്റംസ് മൊഴിപ്പകര്‍പ്പിനായി അപേക്ഷ നല്‍കിയത്.
സന്ദീപിന്റെ രഹസ്യമൊഴികളുടെ പകര്‍പ്പിനായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കേസിലെ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നിവര്‍ക്ക് എന്‍.ഐ.എ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ് അനുവദിച്ചത്. കേസില്‍ മുന്‍പ് 10 പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."