ശിവശങ്കറിന്റെ അസുഖം തട്ടിപ്പെന്നു തെളിഞ്ഞു: കസ്റ്റംസ്
കൊച്ചി: ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ തേടിയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു. വേദനസംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും അന്വേഷണ സംഘം ബോധിപ്പിച്ചു.
ചോദ്യങ്ങള്‍ക്കു മുന്‍പില്‍ സത്യങ്ങളും യാഥാര്‍ഥ്യങ്ങളും പുറത്തുപറയേണ്ടി വരുമെന്നു കരുതിയതിനാലാണ് രക്തസമ്മര്‍ദം കൂടിയതെന്നും ശിവശങ്കറിന് ആശുപത്രിയില്‍ പോകേണ്ടി വന്നതെന്നും കസ്റ്റംസ് ബോധിപ്പിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ ബാലിശമാണെന്നും തനിക്കെതിരെ നടക്കുന്നതു രാഷ്ട്രീയക്കളികളുടെ ഇരയാക്കലിന്റെ ഭാഗമാണെന്നും ശിവശങ്കര്‍ ബോധിപ്പിച്ചു.
അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള യാതൊരുവിധ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 90 മണിക്കൂറോളം പല തവണയായി വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. നോട്ടിസ് കിട്ടിയപ്പോഴൊക്കെ അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ ഹാജരായിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും ശിവശങ്കര്‍ ബോധിപ്പിച്ചു.
സമൂഹത്തില്‍ ഒറ്റപ്പെട്ടു; ഹോട്ടലില്‍പോലും മുറികിട്ടുന്നില്ല: ശിവശങ്കര്‍
ജാമ്യം ലഭിക്കാത്ത വകുപ്പുകളുള്ള കേസായതിനാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. എങ്ങനെയെങ്കിലും ജയിലിലാക്കണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യമെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിലെ ആരോപണങ്ങള്‍ മൂലം തന്റെ കുടുംബവും ജോലിയുമെല്ലാം നശിച്ചു. അന്വേഷണ ഏജന്‍സികളും മറ്റും പുറത്തുവിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പോലും മുറി കിട്ടുന്നില്ല. സമൂഹത്തില്‍ ഒറ്റപ്പെട്ട സാഹചര്യമാണെന്നും ശിവശങ്കര്‍ പറഞ്ഞു.
ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."