കൊവിഡ്: രാജ്യത്ത് അടുത്ത മൂന്ന് മാസം നിര്‍ണായകം;ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അടുത്ത മൂന്ന് മാസം നിര്‍ണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ശൈത്യകാലമാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ പ്രതിരോധ സംവിധാനങ്ങള്‍ ജനങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് ഇപ്പോള്‍ ഏഴ് ലക്ഷത്തില്‍ താഴെ രോഗികളാണുള്ളത്. പുതിയ രോഗികളുടെ ഇരട്ടിക്കല്‍ നിരക്ക് 97.2 ദിവസമെന്ന നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊവിഡ് പ്രതിരോധത്തില്‍ മികച്ച പുരോഗതി നേടാനായി'- മന്ത്രി പറഞ്ഞു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 95000 ല്‍ നിന്ന് 55000 ലേക്ക് എത്തിയിട്ടുണ്ടെന്നും രോഗമുക്തി നിരക്ക് 90 ശതമാനമായെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മരണനിരക്കിന്റെ കാര്യത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. മരണനിരക്ക് 1.51 ല്‍ നിന്ന് 1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധനകള്‍ക്കായി രാജ്യത്ത് 2000 ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നമ്മള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതേ ജാഗ്രത വരും മാസങ്ങളിലും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാലവും ഉത്സവങ്ങളുടെ സമയവുമാണ് വരാനിരിക്കുന്നത്. രാജ്യത്തെ കൊവിഡ് സ്ഥിതി നിര്‍ണയിക്കുന്നതില്‍ അത് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."