പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍: അവകാശ ലംഘനത്തിന് കമ്പനിക്കെതിരേ നടപടിയെടുക്കുമെന്ന് സംയുക്ത സമിതി
ന്യൂഡല്‍ഹി:ജോയിന്റ് പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആഗോള ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണ്‍.കൊവിഡ് വ്യാപന സമയമാണിതെന്നും ഈ സമയത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും കമ്പനി പറഞ്ഞു. വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഒക്ടോബര്‍ 28നു ചേരുന്ന യോഗത്തില്‍ ഹാജരായില്ലെങ്കില്‍ അവകാശലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എം.പി പറഞ്ഞു.
ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണു വ്യക്തിവിവര സംരക്ഷണ ബില്‍.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇതുവഴിയൊരുക്കുമെന്നു കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു ബില്‍ ജോയിന്റ് സമിതിയുടെ പരിശോധനയ്ക്കു വിട്ടത്.ഈ വിഷയത്തില്‍ വിവിധ കമ്പനികളുടെ ഭാഗം കേള്‍ക്കാനാണ് ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളോട് സമിതിയ്ക്കു മുന്നില്‍ ഹാജരാകാന്‍ പറഞ്ഞത്.
ഇതിനിടെ ഫേസ്ബുക്ക് ഇന്ത്യ പോളിസി ഹെഡ് അങ്കി ദാസ് കഴിഞ്ഞ ദിവസം സമിതിയുടെ മുന്നില്‍ ഹാജരായിരുന്നു. ഒക്ടോബര്‍ 28 ന് നടക്കുന്ന പരിശോധനയില്‍ സമിതിയ്ക്ക് മുമ്പാകെ ഹാജരാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."