'ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റി':ജമ്മു കശ്മീരിലെ പ്രത്യേക പദവി പുന:സ്ഥാപിക്കാതെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. അതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മെഹബൂബ വ്യക്തമാക്കി.
ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'എന്റെ പതാക എന്റെ മുന്നിലുണ്ട്. ഈ പതാക ഞങ്ങള്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുമ്പോള്‍, ഞങ്ങള്‍ മറ്റ് പതാകയും ഉയര്‍ത്തും.അത് സംഭവിക്കുന്നതുവരെ മറ്റൊരു പതാകയും ഞങ്ങള്‍ കൈയില്‍ പിടിക്കുകയില്ല' അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാര്‍ട്ടി ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും.അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും' മെഹ്ബൂബ മുഫ്തി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 വിഷയം ഉയര്‍ത്തിക്കാട്ടി ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു.യഥാര്‍ഥ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."