കെ എം ഷാജിക്കെതിരായ വധഭീഷണി: പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കണ്ണൂര്‍: കെ എം ഷാജിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പാപ്പിനിശേരി സ്വദേശി തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ളത്. വധിക്കാന്‍ 25 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കെഎം ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി അടുപ്പമുള്ള കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ തേജസ് എന്നയാളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച ഷാജി, ക്വട്ടേഷന്‍ നല്‍കാന്‍ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖയുള്‍പ്പെടെയാണു പരാതി നല്‍കിയത്. ഇമെയിലിലാണ് ശബ്ദരേഖ ഷാജിക്ക് അയച്ചുകിട്ടിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണു ശബ്ദരേഖ പുറത്തുവന്നതെന്ന് കരുതുന്നതായി പരാതിയില്‍ പറയുന്നു.
കൊല്ലേണ്ടത് എംഎല്‍എയെയാണെന്നു ശബ്ദരേഖയില്‍ വ്യക്തമാണ്. മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എത്തുന്ന രണ്ടംഗ സംഘത്തിന് ഇവിടെ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്നും എംഎല്‍എയെ കാണിച്ചു തരാമെന്നും കണ്ണൂരില്‍നിന്നു വിളിക്കുന്നയാള്‍ പറയുന്നു. കൊലപാതകത്തിനു പ്രതിഫലമായി നല്‍കേണ്ട പണം പറഞ്ഞുറപ്പിക്കുന്നുമുണ്ട്. കൃത്യം നടന്നാല്‍ അപ്പോള്‍ തന്നെ സ്ഥലംവിടണമെന്ന നിര്‍ദേശവും നല്‍കുന്നു.
വ്യക്തിപരമായി ശത്രുക്കളില്ലെന്നും പൊതുരംഗത്തു താന്‍ സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനത്തോടു വിദ്വേഷമുള്ളവരാണ് പിന്നിലെന്നു കരുതുന്നതായും ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."