അച്ഛനും മകനും അര്‍ധരാത്രിയില്‍ ഗുണ്ടകളുടെ ആക്രമണം
കരുനാഗപ്പള്ളി: ഓച്ചിറയില്‍ വാഹനവായ്പാ സ്ഥാപനത്തിന്റെ ഉടമക്കും മകനും ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.
കാവനാട് കൈരളി നഗര്‍ നിഷാന്തില്‍ (ഹൗസ് നമ്പര്‍ 107) രാജീവ് (54), മകന്‍ ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ബുധനാഴ്ച അര്‍ധരാത്രി ഒന്നോടെ ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് മുന്നില്‍ വച്ച് ആക്രമിക്കപ്പെട്ടത്.
മുഖത്ത് വെട്ടേറ്റും, കമ്പിവടി കൊണ്ടുള്ള അടിയുമേറ്റ് ഇരുവരും മേവറം മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലശേരിയില്‍ നിന്ന് പഴയ മാരുതി ജിപ്‌സി ജീപ്പ് വാങ്ങി മടങ്ങുകയായിരുന്നു ഇരുവരും കായംകുളത്ത് നിന്ന് ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പിന്തുടര്‍ന്ന സില്‍വര്‍ ഐ 20 കാര്‍ ജീപ്പിന് കുറകെയിട്ടാണ് ആക്രമണം നടത്തിയത്.
ആറുപേര്‍ ആക്രമി സംഘത്തിലുണ്ടായിരുന്നതായി പരുക്കേറ്റവര്‍ പറഞ്ഞു. ജീപ്പ് തകര്‍ത്ത ശേഷം വാഹനത്തിലുണ്ടായിരുന്ന 30,000 രൂപയും ആക്രമികള്‍ കവര്‍ന്നു.
ഒരു കിലോമീറ്റര്‍ അകലെ നിറുത്തിയിട്ടിരുന്ന ഹൈവേ പട്രോളിങ് സംഘമാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.പരുക്കേറ്റവര്‍ ആക്രമികള്‍ യാത്ര ചെയ്ത വാഹനത്തിന്റെ നമ്പര്‍ കൈമാറി. രാത്രി തന്നെ പൊലിസ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപത്തെ രജിസ്റ്റേഡ് ഉടമയെ കണ്ടെത്തി. എന്നാല്‍ ഇവര്‍ വാഹനം മറ്റൊരാള്‍ക്ക് വിറ്റെന്നും ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കിയെന്നും പൊലിസിനെ അറിയിച്ചു ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമികളെ തിരിച്ചറിഞ്ഞ പൊലിസ് ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വായ്പാ കുടിശിക വരുത്തുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡും രാജീവ് നടത്തുന്നുണ്ട്. വാഹന വില്‍പന രംഗത്തെ കുടിപ്പകയാകാം ആക്രമണത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."