പന്മനയില്‍ കവര്‍ച്ചാ സംഘം വിലസുന്നു
ചവറ: പന്മനയില്‍ കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം രൂക്ഷമായി. പട്ടാപകല്‍വരെ കവര്‍ച്ച നടത്തുന്നത് പതിവാകുന്നു. പന്മന പുത്തന്‍ചന്തയുടെ ഭാഗങ്ങളില്‍ ഒരാഴ്ചക്കിടെ നടന്നത് മൂന്ന് കവര്‍ച്ചകളാണ്. പുത്തന്‍ചന്തയിലെ ഓട്ടോ ഡ്രൈവറായ നടുവത്തു ചേരി അമ്പാങ്ങില്‍ വീട്ടില്‍ ഓമനകുട്ടന്റെ ഓട്ടോയില്‍ നിന്നും വാഹനത്തിന്റെ അസല്‍ രേഖകള്‍ 1900 രൂപ എന്നിവ കവര്‍ന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലെ ഡാഷ് ബോര്‍ഡ് തകര്‍ത്താണ് പണവും രേഖകളും കവര്‍ന്നത്. ഓമനകുട്ടന്‍ ചവറ പൊലിസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തേവലക്കര ഇടവനാട്ട് തെക്കതില്‍ ശശിയെ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണും പണവും പിടിച്ചുപറിച്ചു.
പുത്തന്‍ചന്തയിലെ ഹോട്ടല്‍ തൊഴിലാളിയാണ് ശശി. ബൈക്കിലെത്തിയ യുവാക്കളാണ് തടഞ്ഞു നിര്‍ത്തി കവര്‍ച്ച നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. പോക്കറ്റിലിരുന്ന 800 രൂപയാണ് ഫോണിനൊപ്പം നഷ്ടമായത്.
ഇയാളുടെ ബഹളം കേട്ട് നാട്ടുകാര്‍ കവര്‍ച്ചാ സംഘത്തെ പിന്തുടര്‍ന്നെങ്കിലും അവര്‍ രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് തോട്ടിനു വടക്ക് കാരാളില്‍ നൗഷാദിന്റെ 1400 രൂപയും രേഖകളും കവര്‍ന്നതും നട്ടുച്ചയ്ക്ക് പുത്തന്‍ചന്തയില്‍വച്ചാണ്. ഓട്ടോ നിര്‍ത്തി സമീപത്തെ കടയില്‍ കയറിയ നേരത്താണ് സംഭവം. വ്യാപാരികള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് പോകുന്ന നേരം നോക്കി പലചരക്ക് സാധനങ്ങള്‍ കവര്‍ന്ന സംഭവം ഉണ്ടായതും ആഴ്ചകള്‍ക്ക് മുന്‍പാണ്.
കവര്‍ച്ചാ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കവര്‍ച്ചക്ക് പിന്നില്‍ സമീപ പ്രദേശങ്ങളിലെ ലഹരി മാഫിയകളില്‍പ്പെട്ട യുവാക്കളാണന്ന് സംശയമുണ്ട്.
പൊലിസ് നിരീക്ഷണം പകലും രാത്രിയും ശക്തമാക്കണമെന്നാവശ്യത്തിലാണ് നാട്ടുകാരും ജനപ്രതിനിധികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."