കോഴിക്കോടിന്റെ നിപാ അതിജീവന പാഠം ഭീതിയല്ല, ജാഗ്രതയാണ് വേണ്ടത്
കഴിഞ്ഞ വര്‍ഷം കേരളം കണ്ട നിപാ വൈറസ് വീണ്ടും ഭീതിപരത്തുകയാണ്. 2018 ജൂണ്‍ അഞ്ചിനാണ് നിപാ ഭീതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകള്‍ അടച്ചുപൂട്ടിയത്. നിപായെ തുടര്‍ന്ന് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു നടപടി. രോഗികള്‍ സ്വയം ഡിസ്ചാര്‍ജ് വാങ്ങിപ്പോയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാന്‍ ആളുകള്‍ ഭയപ്പെട്ട കാഴ്ചയായിരുന്നു കൃത്യം ഒരു വര്‍ഷം മുന്‍പ് കണ്ടത്. നടുക്കുന്ന, ഭീതിതമായ ഈ ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും നിപാ വൈറസ് കേരളത്തില്‍ എത്തിയെന്ന ആശങ്ക പരത്തുന്ന വിവരം പുറത്തുവരുന്നത്. നിപായെ നേരിട്ട കോഴിക്കോടിന്റെ മഹനീയ മാതൃകയാണ് ഈ അവസരത്തില്‍ കേരളം ഓര്‍ക്കേണ്ടത്. ഒരു പരിചയവുമില്ലാത്ത വൈറസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലോടെയാണ് കേരളം നിപായെ അടക്കിനിര്‍ത്തിയത്. കഴിഞ്ഞ തവണ നിപാ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ വൈറസിനെ തുരത്തിയതിന് കേരളത്തിന് യു.എന്‍ അംഗീകാരം നേടിയതുവരെയുള്ള സംഭവങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവന്നത് സുപ്രഭാതമായിരുന്നു. കേരളം നേടിയ നിപാ പ്രതിരോധ കരുത്ത് നിലനില്‍ക്കുമ്പോള്‍ പുതിയ വൈറസ് ഭീഷണി നേരിടുക പ്രയാസകരമാകില്ല. നിപാ കാലത്തെ കോഴിക്കോടിന്റെ ഓരോ ചലനവും കണ്ടവരാണ് നാം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കു പകരം യോജിച്ച നീക്കത്തോടെയുള്ള ഇത്തരം ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് നിപായെ നേരിടാന്‍ എറണാകുളം ചെയ്യേണ്ടത്.
വേണ്ടത് കൂട്ടായ്മയോടെയുള്ള
പ്രവര്‍ത്തനം
കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചായിരുന്നു നിപാ ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നത്. അവലോകനത്തിന്റെയും ഏകോപനത്തിന്റെയും കേന്ദ്രമായത് ഗസ്റ്റ് ഹൗസും. രാവും പകലുമില്ലാതെ ഊണും ഉറക്കവും ഒഴിവാക്കി ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നിപാവിജയം. റമദാന്‍ കാലത്ത് സമൂഹ നോമ്പുതുറകള്‍ ഒഴിവാക്കിയും പള്ളികളില്‍ അംഗശുദ്ധീകരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും മുസ്‌ലിംസംഘടനകള്‍ ഉള്‍പെടെയുള്ളവരുടെ പ്രവര്‍ത്തനം ഇന്ത്യന്‍ മെഡിക്കല്‍ ജേണലുകളില്‍ വരെ ചര്‍ച്ചയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരും കൈമെയ് മറന്ന് വലുപ്പച്ചെറുപ്പം നോക്കാതെ പ്രവര്‍ത്തിച്ചതാണ് നിപാ പടരാതെ പിടിച്ചു കെട്ടാന്‍ ഇടയാക്കിയത്. ദ്രുതഗതിയില്‍ വൈറസിനെ തുരത്താന്‍ സഹായകമായത് ഈ കൂട്ടായ്മയാണ്. ഓരോ വിഭാഗവും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ഒരു നാടു മുഴുവന്‍ അവര്‍ക്കു പിന്തുണ നല്‍കി. വൈറസ് ഭീതി പരത്തിയ നാളുകളില്‍ സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും മുതല്‍ അറ്റന്റര്‍മാരും നഴ്‌സുമാരും ഡോക്ടര്‍മാരും ലാബ് ടെക്‌നീഷ്യന്‍മാര്‍ വരെ ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ വിജയമായിരുന്നു മെഡിക്കല്‍ കോളജില്‍ കണ്ടത്.
മെഡി. കോളജ് യുദ്ധഭൂമിയായി
നിപാ വൈറസിനോട് യുദ്ധപ്രഖ്യാപനം നടത്തിയാണ് പ്രതിരോധ, ചികിത്സാ നടപടികള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജ തുടക്കം കുറിച്ചത്. മലേഷ്യയിലും ബംഗ്ലാദേശിലും മരണം വിതച്ച നിപാ വൈറസ് ബാധിതരാണ് അത്യാഹിത വിഭാഗത്തിലെത്തുന്നതെന്ന് മനസ്സിലായതോടെ ആദ്യം ഒന്നു പകച്ചെങ്കിലും പിന്നീട് കണ്ടത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ സ്ട്രച്ചറുകളിലും ട്രോളികളിലും കൊണ്ടുവരുന്ന രോഗികള്‍ക്ക് നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും അതീവ സുരക്ഷയൊരുക്കി. ആശുപത്രിയില്‍ തിങ്ങിനിറഞ്ഞവരോട് സെക്യൂരിറ്റി ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരക്ക് കുറച്ചു. മാസ്‌കും കയ്യുറയും ധരിച്ച നഴ്‌സുമാരും പി.ജി, ഹൗസ് സര്‍ജന്‍സ് ഡോക്ടര്‍മാരും ജാഗ്രതയോടെ രോഗികളെ പരിചരിച്ചു. കാഷ്വാലിറ്റി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജീവനക്കാര്‍ക്കെല്ലാം മാസ്‌കുകള്‍ വിതരണം ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോയ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. മെഡിക്കല്‍ കോളജ് പ്രിസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ജയേഷ്, കുര്യാക്കോസ്, തുളസീധരന്‍, ഗീത, കമലാസനന്‍, ചാന്ദ്‌നി, ആര്‍.എം.ഒ ഡോ. ശ്രീജിത്, എ.ആര്‍.എം.ഒ ഡോ. ഡാനിഷ് എന്നിവരെ ഉള്‍പെടുത്തി ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ടീമിന് രൂപം നല്‍കി. ഓരോ വിഭാഗത്തെയും കൃത്യമായി തരംതിരിച്ച് ചുമതലകള്‍ നല്‍കി.
പി.ആര്‍.ഒ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പി.ആര്‍.ഒമാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. രോഗികളെ മൂന്നായി തരംതിരിച്ച് മൂന്നു വാര്‍ഡുകളിലായി കിടത്തി. നഴ്‌സുമാര്‍ രോഗികളെ അതിസൂക്ഷ്മമായി പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. രോഗികളുടെലാബ് പരിശോധനകള്‍ ടെക്‌നീഷ്യന്മാര്‍ അതിവേഗം ചെയ്തുകൊടുത്തു. നിപാ വൈറസ് രോഗലക്ഷണം കാണിക്കുന്നവരുടെ സ്രവം താമസമില്ലാതെ മണിപ്പാലിലേക്കയച്ചു. പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ച് രോഗികളെ അങ്ങോട്ട് മാറ്റി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിക്കടി നടന്നുകൊണ്ടിരുന്നു. ശുചീകരണ തൊഴിലാളികള്‍ സുരക്ഷാകവചം ധരിച്ച് വാര്‍ഡുകള്‍ അണുവിമുക്തമാക്കി. മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നിയന്ത്രിക്കുകയും വാര്‍ഡുകളില്‍ നിന്ന് ഗുരുതരമല്ലാത്ത രോഗികളെ താല്‍കാലികമായി പറഞ്ഞുവിടുകയും ചെയ്തു. ഓരോദിവസവും വൈകീട്ട് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ യോഗം ചേര്‍ന്ന് അതത് ദിവസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളെ പരിചരിക്കുമ്പോള്‍ പരിചരിക്കുന്നവര്‍ക്ക് രോഗം പകരാതെ നോക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൂടിയുണ്ടായിരുന്നു. ഇക്കാര്യത്തിലും മെഡിക്കല്‍ സംഘത്തിന് പൂര്‍ണ വിജയം കൈവരിക്കാനായി.
നേതൃത്വം വഹിച്ചത് ലോകാരോഗ്യ
സംഘടനയും ഐ.സി.എം.ആറും
നിപായെന്ന അപരിചിത രോഗത്തെ നേരിടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് മാര്‍ഗദീപമായത് നിപായെക്കുറിച്ച് പരിചയമുള്ള ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ). ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം. ആര്‍) നല്‍കിയ ചികിത്സാ പ്രോട്ടോക്കോള്‍. സംസ്ഥാനത്തിന് അപരിചിതമായ കൊലയാളി വൈറസിനെതിരേ ഏതു രീതിയിലുള്ള ചികിത്സ നല്‍
കണമെന്നറിയാതെ അനിശ്ചിതാവസ്ഥയില്‍ നീങ്ങുമ്പോഴാണ് കേന്ദ്ര സംഘവും ലോകാരോഗ്യ സംഘടനയും ശക്തമായ പിന്തുണയുമായെത്തിയത്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്രസംഘം രൂപം നല്‍കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പും മെഡിക്കല്‍ കോളജും വിജയിക്കുകയും ചെയ്തു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം രോഗം പടരുന്നത് തടയുകയാണെന്ന ഐ.സി.എം.ആറിന്റെ നിര്‍ദേശമാണ് ഏറെ ഫലം കണ്ടത്. ഇതേതുടര്‍ന്ന് 30 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളജിലേക്ക് വാങ്ങിയത്. രോഗികളുമായി അടുത്തിടപഴകിയ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും രോഗം പകരാതിരുന്നതിന്റെ കാരണം ഈ സുരക്ഷാ കവചങ്ങള്‍ തന്നെയായിരുന്നു.
ബംഗ്ലാദേശില്‍ ഉപയോഗിച്ച രോഗ പ്രതിരോധ സംവിധാനങ്ങള്‍ ഇവിടെയും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് ലോകാരോഗ്യ സംഘടനയാണ്. ഇതേത്തുടര്‍ന്ന് റിബാവൈറിന്‍, അസിക്‌ളോവിര്‍, ഒസെറ്റാമിവിര്‍ തുടങ്ങിയ ആന്റി വൈറലുകള്‍ രോഗികള്‍ക്ക് നല്‍കി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. ജി. അരുണ്‍ കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് കാര്യങ്ങള്‍ നീക്കിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലെ ഡോ. എ.പി സുഗുണന്‍, ഡോ. തരുണ്‍ ഭട്‌നഗര്‍, ഡോ പി. മാണിക്കം, ഡോ. കരിഷ്മ കൃഷ്ണന്‍, ഡോ. ആരതി രഞ്ജിത് എന്നിവര്‍ കോഴിക്കോട്ടെത്തി. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഡോക്ടര്‍ സംഘവും മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. വൈറസ് ബാധയെ നേരിടാനുള്ള സാങ്കേതികസഹായങ്ങള്‍ ലോകാരോഗ്യ സംഘടന കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.
രോഗം ഇത്രയും പേരിലേക്ക് പടര്‍ന്നതില്‍ ഡബ്ലിയു.എച്ച്.ഒ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാംസ് ഡെപ്യുട്ടി ഡയരക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ ഐ.സി.എം.ആറിന്റെ ഡോ. അഭിജിത് ഖാതവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്നാണ് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. ഇവരുടെ എല്ലാ ശ്രമങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ മന്ത്രിയും വകുപ്പും എല്ലാ പിന്തുണയും നല്‍കി. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും പ്രോട്ടോക്കോള്‍ പാലിച്ചു. നിപായെ വിജയകരമായി പടികടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ മാതൃക പരാമര്‍ശിച്ചു. നിപായെ നേരിടാന്‍ ഭീതിയല്ല ജാഗ്രതയാണ് വേണ്ടെതെന്ന സന്ദേശമാണ് കേരളം ലോകത്തിനു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."