വനത്തില്‍നിന്നു കാമറകള്‍ മോഷണംപോയ സംഭവം: അന്വേഷണം തുടങ്ങി
ചെറുതോണി: ഒരുമാസത്തിനിടെ ജില്ലയിലെ വിവിധ വനമേഖലകളിലായി വനംവകുപ്പു സ്ഥാപിച്ചിരുന്ന ആറു കാമറകള്‍ മോഷണംപോയ സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വനമേഖലകളില്‍ സമീപ ദിവസങ്ങളിലെത്തിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വനംവകുപ്പും കാമറകള്‍ മോഷണംപോയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ മാസമാണ് മറയൂരിനു സമീപം ആനമുടിച്ചോല നാഷനല്‍ പാര്‍ക്കില്‍ കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ചിരുന്ന കാമറകള്‍ മോഷണംപോയത്. സംഭവത്തെക്കുറിച്ചു മറയൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വെണ്‍മണി വനത്തിനുള്ളില്‍നിന്നു രണ്ടു കാമറകളും തൊടുപുഴ ഡിവിഷനു കീഴിലുള്ള കുളമാവ് വലിയമാവ് മേഖലയില്‍നിന്നു രണ്ടു കാമറകളും കാണാതായത്. സംഭവത്തെക്കുറിച്ചു വനംവകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡ് വനമേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കാമറ കാണാതായ സംഭവത്തിനു പിന്നില്‍ ദുരൂഹതയുള്ളതായാണു പുറത്തുവരുന്ന വിവരം.
കാമറ സ്ഥാപിച്ചശേഷം ദിനംപ്രതി കാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പതിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ പരിശോധിക്കണമെന്നാണ് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചില വനമേഖലകളില്‍ രണ്ടു ദിവസത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, പലയിടത്തും കാമറ പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നു.
കാമറ മോഷണംപോയശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടാണു വിവരം വനംവകുപ്പ് അറിഞ്ഞതെന്നും ആരോപണമുയരുന്നുണ്ട്.
കടുവ കണക്കെടുപ്പിനു സ്ഥാപിച്ച കാമറകള്‍ മാത്രമാണു മോഷണംപോയിരിക്കുന്നത്. കാമറയ്ക്ക് അരികിലൂടെ 15 മീറ്റര്‍ ദൂരപരിധിയില്‍ എന്തു ചലനമുണ്ടായാലും ചിത്രമെടുക്കാവുന്ന സംവിധാനത്തില്‍ ശക്തിയേറിയ സെന്‍സറുകള്‍ സ്ഥാപിച്ച ക്യാമറകളാണ് മറയൂരില്‍നിന്നും കുളമാവ് വനമേഖലകളില്‍നിന്നും മോഷണംപോയിരിക്കുന്നത്. രാത്രിയിലും പകലും ചിത്രങ്ങളെടുക്കാവുന്ന തരത്തിലാണു കാമറകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മറയൂരില്‍നിന്നു മോഷണംപോയ കാമറകള്‍ക്ക് അരലക്ഷം രൂപ വിലവരും. തൊടുപുഴ ഡിവിഷനില്‍നിന്നു കാണാതായ ക്യാമറകള്‍ക്ക് 20,000 രൂപയാണു വില. വനഭൂമിയില്‍ അതിക്രമിച്ചു കടക്കുന്നവര്‍ കടത്തിയതാണോ കാമറകളെന്നാണ് വനംവകുപ്പു സംശയിക്കുന്നത്.
എന്നാല്‍, 24 മണിക്കൂറും വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള സ്ഥലങ്ങളില്‍നിന്നു കാമറ മോഷണംപോയതിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."