സനാതന്‍ സന്‍സ്തയില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ ഗൗരിലങ്കേഷിന്റെ കൊലയാളികള്‍ ഉപയോഗിച്ചു
ബംഗളൂരു: തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത 16 ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള പരിശീലനത്തിനാണ് ഇവര്‍ ഈ തോക്കുകള്‍ ഉപയോഗിച്ചത്.
ലങ്കേഷിനെ വെടിവയ്ക്കാനായി മറ്റു തോക്കുകള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായി കര്‍ണാടക പൊലിസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു പരിശോധന. 2017 സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘമാണ് തോക്കുകള്‍ പിടിച്ചെടുത്തിരുന്നത്. കൊലയാളികള്‍ പരിശീലനം ലഭിച്ച ബെല്‍ഗവിക്ക് സമീപമുള്ള കിന്യ വനത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടകളും വെടിത്തിരക്കൂടുകളും അന്വേഷകര്‍ പരിശോധിക്കുന്നുണ്ട്.
2017 ഓഗസ്റ്റില്‍ നടന്ന പരിശീലനത്തിനിടെയാണ് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്ത തോക്കുകള്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. ലങ്കേഷിന്റെ കൊലപാതകത്തിനായി ഉപയോഗിച്ച 7.65 മി.മീ നീളമുള്ള തോക്ക് തന്നെയാണ് കിന്യ വനത്തില്‍ പരിശീലനത്തിനായി ഉപയോഗിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
കര്‍ണാടക പൊലിസിലെ പ്രത്യേക സംഘമാണ് ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. ലങ്കേഷിനെ വെടിവച്ചത് പരശുറാം വാഗ്മോറ (26) എന്നായാളാണെന്നും ഇദ്ദേഹത്തിന് സനാതന്‍ സന്‍സ്ത പരിശീലനം നല്‍കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വാഗ്മോറക്കൊപ്പം തീവ്രഹിന്ദുത്വ സംഘടനയിലെ അംഗമായ ഗണേഷ് മിസ്‌കിനുമാണ് (27) ലങ്കേഷിന്റെ ബംഗളൂരുവിലെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയതെന്ന് അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
അതിന്നിടെ ഗൗരി ലങ്കേഷ് വധക്കേസിന്റെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 17 പ്രതികളില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ക്കെങ്കിലും കന്നട സാഹിത്യകാരനായ എം.എം. കലബുര്‍ഗിയുടെ വധത്തിലും പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം. കല്‍ബുര്‍ഗിയുടെ കൊലയാളിയായ ഗണേഷ് മിസ്‌കിന്റെ സഹായിയായ ഹുബ്ബള്ളി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നറിയപ്പെടുന്ന പ്രവീണ്‍ പ്രകാശ് ചതുര്‍ (27) പിടിയിലായതിനു പിന്നാലെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്താകുന്നത്.
2015 ഒഗസ്റ്റ് 30ന് ധാര്‍വാഡിലെ കല്‍ബുര്‍ഗിയുടെ വീട്ടിലേക്ക് ബൈക്കില്‍ ഗണേഷ് മിസ്‌കിനെ എത്തിച്ചത് പ്രവീണ്‍ ആണെന്നാണ് കണ്ടെത്തല്‍. മിസ്‌കാനാണ് കല്‍ബുര്‍ഗിക്കുനേരെ നിറയൊഴിച്ചത്. കല്‍ബുര്‍ഗിയുടെ വധവുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസില്‍ ഉള്‍പ്പെട്ട പുനെ സ്വദേശികളായ അമോല്‍ കാലെ, മെക്കാനിക് സൂര്യവാന്‍ശി എന്നിവരെയും ഗണേഷ് മിസ്‌കിനെയും കല്‍ബുര്‍ഗി വധക്കേസിലും പ്രതിചേര്‍ത്തിരുന്നു. ഇരുകൊലപാതകത്തിലും പ്രതികള്‍ക്ക് ബൈക്ക് നല്‍കിയത് സൂര്യവാന്‍ശിയാണെന്നും കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഗൗരി കൊലക്കേസില്‍ പങ്കാളികളായ അമിത് ബഡ്ഡി, മനോഹര്‍ എഡ്വെ എന്നിവര്‍ക്കും കലബുര്‍ഗി വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."