ക്വാറം തികഞ്ഞില്ല; പോത്തുകല്ലില്‍ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം തള്ളി
നിലമ്പൂര്‍: പോത്തുകല്ല് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സി.പി.എമ്മിലെ വത്സല അരവിന്ദാക്ഷനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് തള്ളി. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 18ന് നടക്കും. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് സി.സുഭാഷ് സ്ഥാനം രാജിവച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് രാജിവച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്.
17 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒന്‍പതു പേരാണ് യു.ഡി.എഫിനുണ്ടായിരുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള എല്‍.ഡി.എഫിനൊപ്പമാണ്. എന്നാല്‍ കരുണാകരന്‍ പിള്ള യു.ഡി.എഫ് അംഗത്വമോ പഞ്ചായത്തംഗത്തിന്റെ സ്ഥാനമോ രാജിവച്ചിരുന്നില്ല. അവിശ്വാസം കൊണ്ടുവരുമ്പോള്‍ കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും കരുണാകരന്‍ പിള്ള അവിശ്വാസ പ്രമേയ ചര്‍ച്ചക്കെത്തിയില്ല. കരുണാകരന്‍ പിള്ള ഇന്നലെ രാവിലെ അസുഖബാധിതനാണെന്ന് കാണിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
എല്‍.ഡി.എഫിലെ എട്ടുപേരും യോഗത്തിനെത്തിയില്ല. ഇതേ തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ അവിശ്വാസം ചര്‍ച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. എല്‍ .ഡി.എഫായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്.
പ്രസിഡന്റ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം വിട്ട സുലൈമാന്‍ ഹാജി യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ചതോടെയാണ് യു.ഡി. എഫിന് ഭൂരിപക്ഷമായത്.
എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ പി. കരുണാകരന്‍ പിള്ള സി.പി.എമ്മിനൊപ്പം ചേര്‍ന്നതോടെ പഞ്ചായത്ത് ഭരണം വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."