പഞ്ചായത്ത് ഭരണത്തിനെതിരേ ഇന്ന് അവിശ്വാസ പ്രമേയം സമര്‍പ്പിക്കും
കരുവാരകുണ്ട്: പഞ്ചായത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന് യു.ഡി.എഫ് മുന്നണി പുനഃസ്ഥാപിച്ചു. കോണ്‍ഗ്രസ് പിന്തുണയില്‍ പ്രസിഡന്റായ സി.പി.എം അംഗത്തിനെതിരേ ഇന്ന് അവിശ്വാസ പ്രമേയം സമര്‍പ്പിക്കും.
ഒക്ടോബര്‍ രണ്ടിന് നടക്കുന്ന കരുവാരകുണ്ട് സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കരുവാരകുണ്ട് പഞ്ചായത്തിലും മുന്നണി ബന്ധം പുനഃസ്ഥാപിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം സ്വതന്ത്രന് മഠത്തില്‍ ലത്തീഫാണ് പഞ്ചായത്ത് പ്രസിഡന്റ്. കഴിഞ്ഞ നവംബര്‍ 20നാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലേറിയത്. ഇതിനിടയില്‍ യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ജില്ലാ നേതൃത്വം ഊര്‍ജിത ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
എന്നാല്‍ എം.എല്‍.എമാരായ എ.പി അനില്‍കുമാറും അഡ്വ. എം. ഉമ്മറും ഇടപെട്ട് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ഇനിയുള്ള 26 മാസത്തെ ഭരണ കാലയളവില്‍ ആദ്യത്തെ പത്തു മാസം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും, പിന്നീടുള്ള 16 മാസം മുസ്ലിം ലീഗിനും പ്രസിഡന്റ് സ്ഥാനവും നല്‍കാനാണ് ധാരണ.
ആകെയുള്ള 21 വാര്‍ഡുകില്‍ ഒന്‍പത് സീറ്റ് ലീഗിനും ഏഴു സീറ്റ് കോണ്‍ഗ്രസിനും അഞ്ച് സീറ്റ് സി.പി.എമ്മിനുമാണുള്ളത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ മുസ്ലിം ലീഗിലെ കെ. മുഹമ്മദ് മാസ്റ്റര്‍ പ്രസിഡന്റായി. എന്നാല്‍ 2017 നവംബറില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ഭരണം നഷ്ടപ്പെട്ടു. പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രന് മഠത്തില്‍ ലത്തീഫ് കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്തു. സി.പി.എം അംഗമായ സ്ഥിരംസമിതി ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം ഇന്ന് കാളികാവ് ബ്ലോക്ക് സെക്രട്ടറിക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."