ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ 17കാരിയെ കണ്ടെത്തി
സംഭവത്തില്‍ ദുരൂഹത
കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ മകളെ കാണാനില്ലെന്ന പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് 17കാരിയെ കൊല്ലത്ത് കണ്ടെത്തി. എറണാകുളത്ത്‌നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കഴിഞ്ഞദിവസം രാത്രി 11.30ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി ആദ്യം ചടയമംഗലം പൊലിസിനാണ് വിവരം ലഭിച്ചത്. ചടയമംഗലം പൊലിസ് കൊല്ലം ഈസ്റ്റ് പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിലെടുത്തത്. ചോറ്റാനിക്കരയില്‍ ജോലി ചെയ്യുന്ന മാതാവിനെ കണ്ട ശേഷം എറണാകുളത്തുനിന്ന് ട്രെയിനില്‍ മടങ്ങവെയാണ് മെയ് 31ന് ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാതായത്. വൈകിട്ട് ആറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ട പെണ്‍കുട്ടി എത്താത്തതിനെത്തുടര്‍ന്ന് പിതാവ് കുട്ടിയെ കാണാതായ വിവരം ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇതിനിടെയാണ് ഫേസ്ബുക്ക് സുഹൃത്തായ ചടയമംഗലം സ്വദേശിയായ യുവാവിന് പെണ്‍കുട്ടിയുടെ ഒരു മെസേജ് ലഭിച്ചത്. രാത്രി പത്തോടെ ട്രെയിനില്‍ കൊല്ലത്ത് എത്തുമെന്നും പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കണമെന്നും എത്തിയില്ലെങ്കില്‍ താന്‍ വേറെ എവിടേക്കെങ്കിലും പോകുമെന്നുമായിരുന്നു മെസേജ്. യുവാവ് ഈ മെസേജ് ചടയമംഗലം പൊലിസിന് കൈമാറി. തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞു പെണ്‍കുട്ടിക്ക് മെസേജ് നല്‍കാന്‍ പൊലിസ് യുവാവിനോട് നിര്‍ദേശിച്ചു. അപ്പോള്‍ത്തന്നെ കൊല്ലം ഈസ്റ്റ് പൊലിസില്‍ വിവരവും അറിയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പൊലിസ് വിവരം അറിയിച്ചതനുസരിച്ച് ചോറ്റാനിക്കര പൊലിസും കുട്ടിയുടെ രക്ഷകര്‍ത്താക്കളും ഇന്നലെ രാവിലെ കൊല്ലത്തെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. കാണാതായ ദിവസങ്ങളില്‍ പെണ്‍കുട്ടി എവിടെ ആയിരുന്നെന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമാകാനുണ്ട്. ചോറ്റാനിക്കര പൊലിസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു മാതാവ് ചോറ്റാനിക്കര പൊലിസിലാണ് പരാതി നല്‍കിയിരുന്നത്. ഇതിനിടെ കുട്ടിയെ കണ്ടെത്തിയ വിവരവും പിതാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."