സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 60,000 സീറ്റുകള്‍ കേരളത്തില്‍നിന്ന് 88 ഗ്രൂപ്പുകള്‍ക്ക് അനുമതി
കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം 60,000 സീറ്റുകള്‍ കേന്ദ്രഹജ്ജ് കമ്മിറ്റി വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനായിരത്തിലേറെ സീറ്റുകളാണ് ഇത്തവണ വര്‍ധിച്ചത്. ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം ആകെ 807 അപേക്ഷകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍നിന്ന് ലഭിച്ചത്. ഇവയില്‍ സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ 117 ഗ്രൂപ്പുകളും ഒന്നാം കാറ്റഗറിയില്‍ 196 ഗ്രൂപ്പുകളും രണ്ടാം കാറ്റഗറിയില്‍ 412 ഗ്രൂപ്പുകളും അര്‍ഹത നേടി. ഇവര്‍ക്കാണ് 60,000 സീറ്റുകള്‍ വീതിച്ചു നല്‍കിയത്. കേരളത്തില്‍നിന്ന് 88 ഗ്രൂപ്പുകള്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് സീറ്റ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 82 ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് ക്വാട്ട ലഭിച്ചിരുന്നു.
150 സീറ്റുകള്‍ വീതം 17,550 സീറ്റുകള്‍ ആണ് സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ നല്‍കിയത്. കേരളത്തില്‍നിന്ന് 26 ഗ്രൂപ്പുകള്‍ക്കാണ് 150 സീറ്റുകള്‍ വീതം ലഭിക്കുക. ഒന്നാം കാറ്റഗറിയിലുള്ള 196 ഗ്രൂപ്പുകളില്‍ 24 ഗ്രൂപ്പുകള്‍ക്ക് 107 സീറ്റുകളും ശേഷിക്കുന്നവര്‍ക്ക് 106 സീറ്റ് വീതവുമാണ് നല്‍കിയത്. 20,800 സീറ്റുകളാണ് ഈ വിഭാഗത്തില്‍ വീതം വച്ചത്. ഇതില്‍ കേരളത്തില്‍ നിന്ന് 15 ഗ്രൂപ്പുകള്‍ക്കാണ് ലഭിച്ചത്. രണ്ടാംകാറ്റഗറിയില്‍ കേരളത്തില്‍ നിന്നുള്ള 47 ഗ്രൂപ്പുകള്‍ക്ക് 60 സീറ്റുകളും ലഭിച്ചു.
സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത്തവണയും ഹജ്ജ് സീറ്റുകള്‍ അനുവദിച്ചത്. സ്റ്റാര്‍ വണ്‍ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് ഇത്തവണ ക്വാട്ട വിതരണം ചെയ്തത്.
12 വര്‍ഷം ഹജ്ജ് -ഉംറ സര്‍വിസ് നടത്തിയ പരിചയ സമ്പത്തും 5 കോടി വാര്‍ഷിക വരുമാനവുമുള്ള ഗ്രൂപ്പുകളെയാണ് സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഏഴ് വര്‍ഷത്തെ പരിചയ സമ്പത്തും മൂന്ന് കോടി വരുമാനവുമുള്ളവരെ ഒന്നാം കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് താഴെ പരിചയമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരാണ് രണ്ടാം കാറ്റഗറിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."