ബാങ്ക് നിയമന വിവാദം; കാക്കൂരില്‍ കോണ്‍ഗ്രസ് എ വിഭാഗം ഭാരവാഹികള്‍ രാജിവയ്ക്കും
ബാലുശ്ശേരി: കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എ വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍ രാജിവയ്ക്കാന്‍ തീരുമാനം.
കഴിഞ്ഞദിവസം ചേര്‍ന്ന ഗ്രൂപ്പ് യോഗത്തിലാണു മുരളി ഗ്രൂപ്പിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് കെ. മോഹനന്‍, വൈസ് പ്രസിഡന്റും ജില്ലാ ക്ഷീര കര്‍ഷക പ്രസിഡന്റ് കൂടിയായ ഹരിദാസ കുറുപ്പ്, ജില്ലാ സെക്രട്ടറി ഐ.പി രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ മാധവന്‍, സെക്രട്ടറിമാരായ പ്രത്യൂഷ് ഒതയോത്ത്, റാഷിദ് പുറായില്‍, ശ്യംപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെ 35 ഓളം പേര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്.
കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിലവിലുള്ള രണ്ടു നിയമനങ്ങള്‍ സമവായത്തെ തുടര്‍ന്ന് ഇരു വിഭാഗവും പങ്കിടുകയായിരുന്നു. ഇതുപ്രകാരം ഓരോ വിഭാഗവും അവരുടെ നോമിനികളെ നിയമനത്തിനു ശുപാര്‍ശ ചെയ്‌തെങ്കിലും എ വിഭാഗം മുന്നോട്ടുവച്ച നോമിനിയെ ഡി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് അംഗീകരിക്കാത്തതാണു രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. 11 അംഗ ബാങ്ക് ഭരണസമിതിയല്‍ എ വിഭാഗത്തിന് അഞ്ച് അംഗങ്ങളാണുള്ളത്.
പ്രശ്‌നത്തില്‍ ഡി.സി.സി പ്രസിഡന്റ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തെ മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വച്ച് എ വിഭാഗം നിര്‍ദേശിച്ച നോമിനിക്കു പകരം ഇതേ വിഭാഗത്തില്‍പെട്ട മറ്റൊരാളുടെ നിയമനം അംഗീകരിച്ചതാണ് തങ്ങളെ രാജിക്ക് പ്രേരിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.
ഇതിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനാണ് തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."