രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ആ സ്‌കോളര്‍ഷിപ്പ് വ്യാജമാണ് !
സ്‌കോളര്‍ഷിപ്പിനായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആളുകളെത്തുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നു
മുക്കം: സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ സ്‌കോളര്‍ഷിപ്പ് വാര്‍ത്ത സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സ്‌കോളര്‍ഷിപ്പിനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാവുകയാണ്. പത്താം ക്ലാസില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് 10,000 രൂപയും ഹയര്‍സെക്കന്‍ഡറിയില്‍ 85 ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് 25,000 രൂപയുടെയും സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്നതാണ് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്ത.
സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള അപേക്ഷാ ഫോറം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. പ്രധാനമായും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വ്യാജ സന്ദേശം പ്രചരിക്കുന്നത്. പരമാവധി ഗ്രൂപ്പുകളില്‍ പങ്കുവച്ച് സന്ദേശം എല്ലാ വിദ്യാര്‍ഥികളെയും അറിയിക്കണമെന്നും മെസേജില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് നിരവധി പേരാണ് ഈ വ്യാജ സന്ദേശം വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്നത്. ഇതോടെ സംസ്ഥാനത്തെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള അപേക്ഷ ഫോറം അന്വേഷിച്ച് രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ഒഴുക്കാണ്. എന്നാല്‍ ഇങ്ങനെയൊരു സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അന്വേഷണത്തിനും അപേക്ഷാ ഫോറം ലഭിക്കുന്നതിനുമായി രക്ഷിതാക്കള്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പോലും അതു ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു സേവനത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും നിരവധി പേര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തി നിരാശരായി മടങ്ങി. എന്നാല്‍ ഈ വര്‍ഷവും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് വീണ്ടും അതേ വ്യാജസന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായ വി.കെ വിനോദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."