ജില്ലാ സ്റ്റേഡിയത്തിന്റെ പ്രവൃത്തി; നിര്‍ത്തിവയ്ക്കുമെന്ന് കരാറുകാരന്
കല്‍പ്പറ്റ: വയനാടിന്റെ എക്കാലത്തെയും സ്വപ്നമായ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനൊരുങ്ങി കരാറുകാരന്. അവശ്യ വസ്തുക്കളുടെ വില ഗണ്യമായി ഉയര്‍ന്നത് നിലനില്പിന് തന്നെ ഭീഷണിയാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പ്രവൃത്തികള്‍ അടുത്ത ആഴ്ച മുതല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് കിറ്റ്കോയില്‍ നിന്ന് സഹകരാറെടുത്ത എല്‍ദോ കെ. പീറ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു. സാധനങ്ങള്‍ ആവശ്യത്തിന് കിട്ടാനില്ലാത്തതും ചുരംകയറി വരുന്ന അസംസ്കൃത വസ്തുക്കളുടെ വില അടിക്കടി ഗണ്യമായി ഉയരുന്നതുമാണ് തങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രവൃത്തി നിര്ത്തിവെക്കേണ്ടതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമെന്നാണ് കരാറുകാരന് പറയുന്നത്.
കോഴിക്കോട് 35 രൂപക്ക് സൈറ്റിലിറങ്ങുന്ന മെറ്റലിന് വയനാട്ടില്‍ വില 60തും അതിന് മുകളിലുമാണ്. എംസാന്റും ഇത്തരത്തില്‍ തന്നെയാണ്. ജില്ലയില്‍ നിന്ന് ക്വാറി ഉല്‍പ്പന്നങ്ങള്‍ ഒന്നും ലഭിക്കാത്തതാണ് ഇത്തരത്തില്‍ വില ഉയരാന്‍ കാരണമെന്ന് ഇദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ കിന്‍ഫ്രയുടെ അറ്റകുറ്റ പണികളും കരാറെടുത്തിരിക്കുന്നത് എല്‍ദോയാണ്. അവിടെയും പ്രവൃത്തി നിര്‍ത്തിവെക്കേണ്ട സാഹചര്യമാണെന്നും എല്‍ദോ പറഞ്ഞു. മൂന്ന് മാസം മുന്‍പ് ആരംഭിച്ചതാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തി. ഗ്രൗണ്ടില്‍ മണ്ണിട്ട് നിരപ്പാക്കുന്നതിന്റെ പ്രവൃത്തികള്‍ ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വയനാട്ടില്‍ പ്രളയമുണ്ടായത്. ഇത് ഗ്രൗണ്ടിനെയും ബാധിച്ചു. സമീപത്തെ പുഴ കരകവിഞ്ഞ് ഗ്രൗണ്ടിലൂടെ ഒഴുകി. കൊണ്ടിട്ട മണ്ണെല്ലാം വെള്ളത്തിനൊപ്പം ഒലിച്ചുപോയി. ഇപ്പോള്‍ വീണ്ടും മണ്ണിട്ട് കൊണ്ടിരിക്കുകയാണ്.
സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് 13.5 കോടി രൂപയാണ് ടെണ്ടര്‍ വച്ചിരിക്കുന്നത്. 18 മാസമാണ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, പ്രധാന കെട്ടിടം, പവലിയന്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് വില നിയന്ത്രണാധീതമായി വര്‍ധിക്കുന്നത് ആദ്യഘട്ട പ്രവൃത്തി തന്നെ തങ്ങളെ നഷ്ടത്തിലാക്കാനാണ് സാധ്യതയെന്നും അതിനാലാണ് നിര്‍മാണം നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈകൊള്ളുന്നതെന്നുമാണ് എല്‍ദോയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."