വയനാട്ടില്‍ 2391.43 കോടി നഷ്ടം
കല്‍പ്പറ്റ: പ്രളയത്തിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോക ബാങ്ക് പ്രതിനിധി സംഘത്തിന് മുന്‍പാകെ ജില്ലാ ഭരണകൂടംകണക്കുകള്‍ നിരത്തി. 2391.43 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ലോക ബാങ്ക് പ്രതിനിധി സംഘത്തെ ജില്ലാ ഭരണകൂടം അറിയിച്ചത്.
ഭവനം 13206 ലക്ഷം രൂപ, പൊതു കെട്ടിടങ്ങള്‍ 1355.83 ലക്ഷം, റോഡുകളും പാലങ്ങളും 91983.05 ലക്ഷം, നഗര അടിസ്ഥാനോപാധികളായ റോഡുകള്‍, ഓടകള്‍, മലിന നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവയ്ക്ക് 177 ലക്ഷം, ഗ്രാമീണ അടിസ്ഥാനോപാധികള്‍ 379.95 ലക്ഷം, ജലസേചനം ഉള്‍പ്പെടെയുള്ള ജലവിഭവ സംവിധാനങ്ങള്‍ 1898.20 ലക്ഷം, മത്സ്യബന്ധനം-ടൂറിസം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ ജീവിതോപാധികള്‍ 1321.02 ലക്ഷം, കൃഷിയും ജന്തുവിഭവങ്ങളും 1,03,882 ലക്ഷം, ഊര്‍ജം 256.33 ലക്ഷം, പരിസ്ഥിതിയും ജൈവവൈവിധ്യവും 620.31 ലക്ഷം, മറ്റുള്ളവ 24063.30 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.
1411 വീടുകള്‍ പൂര്‍ണമായും 5100 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1,02,198 ഹെക്ടറില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. 35685 വളര്‍ത്തു മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. 72 പൊതു കെട്ടിടങ്ങളെ പ്രളയം ബാധിച്ചു. 1773.67 കിലോമീറ്റര്‍ റോഡുകളും 65 പാലങ്ങളും കല്‍വര്‍ട്ടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. 39.14 ഹെക്ടര്‍ ഭൂമി കൃഷി യോഗ്യമല്ലാതായി. 1849 വൈദ്യുത തൂണുകളും 16 ട്രാന്‍സ്‌ഫോര്‍മറുകളും 200 മീറ്ററുകളും നശിച്ചു. ഫിഷറീസ്-ടൂറിസം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ 58 ജീവനോപാധികളെ പ്രളയം ബാധിച്ചു.
ലോക ബാങ്കിന്റെ ദുരന്താഘാത മാനേജ്‌മെന്റ് വിദഗ്ധരായ അനൂപ് കാരന്ത്, ഹേമങ് കരേലിയ, സോഷ്യല്‍ ഡവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ് വെങ്കടറാവു ബയേണ, പരിസ്ഥിതി വിദഗ്ധന്‍ എസ്. വൈദീശ്വരന്‍, ഹൈവേ എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ് സതീഷ് സാഗര്‍ ശര്‍മ, നഗരാസൂത്രണ വിദഗ്ധന്‍ ഉറി റയിക്ക്, ജലവിഭവ വിദഗ്ധന്‍ ഡോ. മഹേഷ് പട്ടേല്‍, ജലവിതരണ ശുചിത്വ സ്‌പെഷ്യലിസ്റ്റ് ശ്രീനിവാസ റാവു പൊടിപ്പി റെഡ്ഢി എന്നിവരാണ് ലോക ബാങ്ക് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘത്തിന് മുന്‍പാകെ കെടുതികളുടെ ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിശദമായ പ്രസന്റേഷന്‍ നടന്നു. വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ ടൗണ്‍ പ്ലാനിങ് വിഭാഗവും വി ഫോര്‍ വയനാട് പ്രതിനിധികളും പ്രത്യേക പ്രസന്റേഷനുകള്‍ നടത്തി.
ലോകബാങ്ക് സംഘം പിന്നീട് ജില്ലാതല ഉദ്യോഗസ്ഥരുമായി പൊതുവായും വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകമായും ചര്‍ച്ച നടത്തുകയും ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിയുകയും സംശയ ദുരീകരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."