പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാന്‍ എത്താത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന്
ജിദ്ദ: പെര്‍മിറ്റ് നേടിയശേഷം ഉംറ നിര്‍വഹിക്കാന്‍ വിശുദ്ധ ഹറമില്‍ എത്താത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ് പറഞ്ഞു.
ഇഅ്തമര്‍നാ' ആപ്പ് വഴി പെര്‍മിറ്റ് നേടിയശേഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കാന്‍ എത്താത്ത പ്രശ്‌നം ബന്ധപ്പെട്ട വകുപ്പുകള്‍ വിശകലനം ചെയ്തിരുന്നു. നിശ്ചിത കാലത്തേക്ക് ഉംറ ബുക്കിംഗില്‍ വിലക്കേര്‍പ്പെടുത്തുന്നതുപോലെയുള്ള ഒരുവിധ നടപടികളും ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ എത്തിച്ചേര്‍ന്നത്.
കൊറോണ ലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പ൪ക്കത്തിലേര്‍പ്പെട്ടവരും ശിക്ഷാനടപടികള്‍ ഭയന്ന് മറ്റു തീര്‍ഥാടകര്‍ക്കൊപ്പം ചേര്‍ന്ന് ഉംറ നിര്‍വഹിച്ചേക്കുമെന്ന ഭയവുമുണ്ടായിരുന്നു. പെര്‍മിറ്റ് നേടിയശേഷം പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഉംറ നിര്‍വഹിക്കാന്‍ സാധിക്കാതെ വരുന്നപക്ഷം അവര്‍ക്ക് ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താവുന്നതാണ്. 'ഇഅ്തമര്‍നാ' ആപ്പില്‍ ഉംറക്ക് ബുക്ക് ചെയ്തവര്‍ക്ക് ആദ്യ ബുക്കിംഗ് പ്രകാരം ഉംറ നിര്‍വഹിച്ചു കഴിഞ്ഞ ശേഷമല്ലാതെ പുതിയ ബുക്കിംഗ് സാധ്യമല്ല. ഉംറ ബുക്കിംഗ് സമയത്തില്‍ മാറ്റം വരുത്താനും ബുക്കിംഗ് റദ്ദാക്കാനും തീര്‍ഥാടകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് അബ്ദുറഹ്മാന്‍ ശംസ് പറഞ്ഞു.
വിശുദ്ധ ഹറമില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കുകയാണ് 'ഇഅ്തമര്‍നാ' ആപ്പിന്റെ ലക്ഷ്യം. ഒരേ സമയത്ത് ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കാന്‍ ആപ്പ് വഴി പെര്‍മിറ്റ് ലഭിക്കില്ല. ആദ്യം രജിസ്റ്റര്‍ ചെയ്ത് ലഭിച്ച പെര്‍മിറ്റ് പ്രകാരം തീര്‍ഥാടന കര്‍മം പൂര്‍ത്തിയാക്കിയശേഷം വീണ്ടും ഉംറ പെര്‍മിറ്റിന് അപേക്ഷിക്കുകയാണ് വേണ്ടത്. ഇതുവരെ ആറര ലക്ഷത്തിലേറെ പേര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. 21.5 ലക്ഷത്തിലേറെ പേര്‍ 'ഇഅ്തമര്‍നാ' ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. 12 ലക്ഷത്തിലേറെ പേര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അബ്ദുറഹ്മാന്‍ ശംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."