പാതയോരത്തെ കാമറകള്‍ കണ്ണടച്ചു; വാഹനാപകടങ്ങള്‍ പെരുകുന്നു
കാസര്‍കോട്: പാതയോരത്തെ കാമറകള്‍ കണ്ണടച്ചതോടെ വാഹനാപകടങ്ങള്‍ പെരുകുന്നു. പൊതുവെ തകര്‍ന്നുകിടക്കുന്ന ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളില്‍ ചെറുകിട വാഹനങ്ങള്‍ ഉള്‍പ്പെടെ മിന്നല്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. പാതയില്‍ കുഴികളില്ലാത്ത പ്രദേശങ്ങളില്‍ എത്തുമ്പോള്‍ വാഹനങ്ങള്‍ക്കു പിന്നെയും വേഗത കൂടുകയാണ്. ദേശീയ പാതയിലും സംസ്ഥാന പാതകളിലും വാഹനങ്ങള്‍ വേഗത കൂട്ടി സഞ്ചരിക്കുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും അപകടങ്ങളില്‍പെടുന്നത് ജില്ലയില്‍ പതിവായിരിക്കുകയാണ്.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനെന്ന പേരില്‍ പാതയോരങ്ങളില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ പലതും കണ്‍ചിമ്മിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതു നന്നാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ഇതേ തുടര്‍ന്ന് അമിത വേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല.
ദേശീയ പാതയില്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സൂചന. കെ.എസ്.ടി.പി പാതയില്‍ കൂടി പകല്‍നേരങ്ങളിലും കൂറ്റന്‍ ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു പോകുന്നതിനെ തുടര്‍ന്ന് കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ ദേശീയപാതയില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം മുമ്പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഇതുകാരണം ദേശീയപാതയില്‍ ചെറുകിട വാഹനങ്ങള്‍ അമിത വേഗതയില്‍ കുതിക്കുകയാണ്. ഇത്തരം പ്രദേശങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ പാതയോരത്ത് ഉണ്ടെങ്കിലും വാഹനമോടിക്കുന്നവര്‍ ഇത് അവഗണിക്കുകയാണ്.
ട്രാഫിക് വാരാചരണവും ബോധവല്‍ക്കരണ ക്ലാസുകളും ആര്‍.ടി.ഒ അധികൃതര്‍ കൃത്യമായി നടത്തുന്നുണ്ടെങ്കിലും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."