അത്ഭുതം കാണിക്കാന്‍ അഫ്ഗാനിസ്ഥാന്‍
ലണ്ടന്‍: ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയയോട് പരാജയപ്പെട്ടുവെങ്കിലും ആവുന്നതെല്ലാം പുറത്തെടുത്തായിരുന്നു അഫ്ഗാനിസ്ഥാന്‍ ആദ്യ മത്സരത്തില്‍ കീഴടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഇന്ന് ശ്രീലങ്കയെ നേരിടുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ശുഭ പ്രതീക്ഷയിലാണ്. കാരണം ആദ്യ മത്സരത്തില്‍ ആസ്‌ത്രേലിയക്കെതിരേ പുറത്തെടുത്ത പ്രകടനത്തേക്കാന്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനികള്‍.
ആസ്‌ത്രേലിയക്കെതിരേ 207 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ എടുത്തത്. 34.5 ഓവറില്‍ ഓസീസ് ലക്ഷ്യം മറികടക്കുകയും ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മാര്‍ക്ക് സ്റ്റോണിസ് എന്നീ കരുത്തുറ്റ ബൗളിങ്‌നിരക്ക് മുന്നില്‍ പിടിച്ച് നിന്നായിരുന്നു അഫ്ഗാന്‍ താരങ്ങള്‍ 207 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയിലെ ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഉസ്മാന്‍ ഖവാജ എന്നിവരുടെ വിക്കറ്റുകള്‍ പിഴുതെടുക്കാനും അഫ്ഗാന്‍ ബൗളിങ് നിരക്കായി. ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മികച്ച ആത്മവിശ്വാസവുമായിട്ടായിരുന്നു അവര്‍ കളി നിര്‍ത്തിയത്.
ആദ്യ മത്സരത്തില്‍ പൂര്‍ണ പരാജയമായ ശ്രീലങ്ക ഇന്നെങ്കിലും തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ന്യൂസിലന്‍ഡിനെ നേരിട്ടപ്പോള്‍ 136 റണ്‍സ് മാത്രമേ ലങ്കക്ക് നേടാനായുള്ളു. 29.2 ഓവറിനുള്ളില്‍ എല്ലാ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരേയും ന്യൂസിലന്‍ഡ് ബൗളിങ്‌നിര മടക്കി അയക്കുകയും 16.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ന്യൂസിലന്‍ഡ് വിജയം കണ്ടെത്തുകയും ചെയ്തു. 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ശ്രീലങ്ക നേരിട്ടത്. ആദ്യ മത്സരത്തില്‍ ലങ്കയുടെ ബാറ്റിങ്‌നിരയും ബൗളിങ്‌നിരയും ഒരു പോലെ ദുരന്തമായിരുന്നു. 52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ദിമുത് കരുണാരത്‌നെയാണ് ടോപ് സ്‌കോറര്‍. എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ലങ്കക്ക് ഇന്ന് അഫ്ഗാനെതിരേയാണ് മത്സരമെങ്കിലും ജയപ്രതീക്ഷവച്ച് പുലര്‍ത്തുന്നത് ശരിയാകില്ല, കാരണം ആദ്യ മത്സരത്തില്‍ ലങ്കയേക്കാള്‍ മികച്ച പ്രകടനമായിരുന്നു അഫ്ഗാന്‍ പുറത്തെടുത്തത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന റാഷിദ് ഖാനും സംഘവും ഇന്ന് എന്ത് അത്ഭുതമാണ് കാണിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."