പഴയ പൊലിസ് എയ്ഡ്പോസ്റ്റ് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു
മീനാക്ഷിപുരം: മീനാക്ഷിപുരത്തെ പഴയ പൊലിസ് എയ്ഡ്പോസ്റ്റ് കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. രണ്ടു വര്‍ഷം മുമ്പ് വാടക കെട്ടിടത്തില്‍ പൊലിസ് സ്റ്റേഷനാക്കി പരിവര്‍ത്തനം ചെയ്തതിനു ശേഷം പരിപാലനമില്ലാതെ കിടക്കുന്ന പൊലിസ് എയ്ഡ് പോസ്റ്റ് കെട്ടിടമാണ് നിലവില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത്.
വൈകുന്നേരങ്ങളില്‍ മദ്യപാനികളുടെ കേന്ദ്രമായി മാറിയ കെട്ടിടത്തിന്റെ പുറകിലെ കെട്ടിടങ്ങളില്‍ കഞ്ചാവ് വില്പനയും നടന്നുവരുന്നതായി നാട്ടുകാര്‍ പറയുന്നു. അസമയങ്ങളില്‍ അപരിചിതരെ കണ്ടെത്തിയ നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അപരിചിതരായ യുവാക്കള്‍ നാട്ടുകാരുമായി തര്‍ക്കത്തിലും ഭീഷണി മുഴക്കിയുമാണ് കടന്നുപോയതെന്ന് പരിസരവാസികള്‍ പറയുന്നു.
പകലും തുടരുന്ന സാമൂഹ്യവിരുദ്ധശല്യത്തിനെതിരേ നടപടിയെടുക്കുവാന്‍ പൊലിസും തയ്യാറായിട്ടില്ല. രാത്രിയില്‍ ഇരുട്ടില്‍ മുങ്ങുന്ന കെട്ടിടത്തിലെ കഞ്ചാവ് വില്പനക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കുവാന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
മീനാക്ഷിപുരത്തു പുതിയ പൊലിസ് സ്റ്റേഷന് ആരംഭിച്ചു വര്‍ഷങ്ങളായിട്ടും പുതിയ കെട്ടിടം പണിയാന്‍ നടപടി ആയിട്ടില്ല. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എയ്ഡ് പോസ്റ്റ് കെട്ടിടം പൊളിച്ചു പണിയാന്‍ കഴിഞ്ഞ യു.ഡി എഫ് സര്‍ക്കാരും, സ്ഥലം എം.എല്‍.എയുമായിരുന്ന കെ. അച്യുതനും പ്രാദേശിക വികസന ഫണ്ട് അനുവദിച്ചുവെങ്കിലും പെരുമാട്ടി പഞ്ചായത്തുമായുള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പുതിയ നിര്‍മാണം നീണ്ടു പോവുകയാണ്.
ഇതിനിടയില്‍ നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രവളപ്പില്‍ ഉള്ള സ്ഥലത്തു പുതിയ കെട്ടിടം പണിയണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."