രോഗികളുടെ എണ്ണം ചുരുക്കി കാണിച്ച് ആരോഗ്യ വകുപ്പ്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ആരോഗ്യ വകുപ്പും, മുനിസിപ്പാലിറ്റി അധികൃതരും മൗനത്തില്‍. രണ്ടാഴ്ചയിലധികമായി മുനിസിപ്പാലിറ്റിയിടക്കം മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. ജില്ലക്കകത്തും പുറത്തും ചികിത്സയില്‍ കഴിയുന്ന മണ്ണാര്‍ക്കാട് മേഖലയിലുളളവരുടെ എണ്ണം ഇതിനോടകം നിരവധിയായിട്ടും ആരോഗ്യ വകുപ്പിന്റെ അടുത്തുളള കണക്ക് വളരെ പരിമിതമാണ്. ഇന്നലെ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അധികൃതര്‍ അവരുടെ പക്കലുളള കണക്ക് വ്യക്തമാക്കിയത്. നിലവില്‍ ആകെ 19 പേര്‍ക്കാണ് മണ്ണാര്‍ക്കാട് മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ചെതെന്നാണ് അധികൃതര്‍ അറിയിച്ചത്. കൂടാതെ ഒന്‍പതു പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കാത്തവരും ചികിത്സയിലുണ്ടെന്നും പറയുന്നു.
കഴിഞ്ഞ ദിവസം വരെ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി ബാധയെന്ന് പറഞ്ഞിരുന്ന അധികൃതര്‍ യഥാര്‍ഥ കണക്ക് പുറത്ത് പറയാത്തതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ എട്ട്, തെങ്കര-ഒന്ന്, കോട്ടോപ്പാടം-രണ്ട്, അലനല്ലൂര്‍-രണ്ട്, തച്ചനാട്ടുകര-മൂന്ന്, തച്ചമ്പാറ-ഒന്ന്, കാഞ്ഞിരപ്പുഴ-രണ്ട് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കയ്യിലുളള കണക്ക്. കരിമ്പ പഞ്ചായത്തില്‍ ഡെങ്കി ബാധിതരില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ മുനിസിപ്പാലിറ്റിയിലെ ആറുവീടുകളില്‍ മാത്രം ഇത്രയും പേര്‍ ഡെങ്കി ബാധിച്ചവരുണ്ടെന്നാണ് യാഥാര്‍ഥ്യം.
പനി ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്. രോഗ ബാധിതരുടെ എണ്ണം കുറച്ച് കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ തടി തപ്പുകയാണ്. ഇന്നലെ മാത്രം മൂന്ന് പേരെ വിദഗ്ധ ചികിത്സക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍നിന്ന് മാത്രം റഫര്‍ ചെയ്തിട്ടുള്ളതായാണ് പറയപ്പെടുന്നത്.
കൂടാതെ നിരവധി ആളുകളാണ് മണ്ണാര്‍ക്കാട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുളളത്. പാലക്കാട് ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രി അടക്കമുള്ള വിവിധ സ്വകാര്യ ആശുപത്രി, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും മണ്ണാര്‍ക്കാട്ടുകാരായി നിരവധി പേരാണ് ചികിത്സ തേടിയിരിക്കുന്നത്.
ഇതിനിടെ ഇന്നലെ മണ്ണാര്‍ക്കാട് ടി.ബിയില്‍ ആരേഗ്യവകുപ്പിന്റെയും, മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത യോഗത്തില്‍ 29 കൗണ്‍സിലര്‍മാരില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണണ്‍ അടക്കം നാലു പേര്‍ മാത്രമാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."