സവര്‍ണ സംവരണത്തിന്റെ മാര്‍ക്‌സിസ്റ്റ് പാഠങ്ങള്‍
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നരേന്ദ്രമോദി ഭരണകൂടം സാമ്പത്തിക സംവരണമെന്ന പേരില്‍ സവര്‍ണ സംവരണത്തിനുവേണ്ടിയുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് രാഷ്ട്രപതിയുടെ അനുവാദത്തോടെ നിയമമാക്കി മാറ്റിയത് അതിശയിപ്പിക്കുന്ന വേഗതയിലാണ്. ഭരണഘടനാ തത്ത്വങ്ങളെയും സാമൂഹിക നീതി സങ്കല്‍പങ്ങളെയും അട്ടിമറിച്ചുകൊണ്ട് ഇത്തരമൊരു നിയമനിര്‍മാണം നടത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. കാരണം, ബി.ജെ.പിയുടെ നയങ്ങളും ഭരണനടപടികളും മൂലം മേല്‍ജാതി ഹിന്ദുക്കളിലും നാഗരിക മധ്യവര്‍ഗത്തിലുമുള്ള അവരുടെ വോട്ടുബാങ്കുകള്‍ സുരക്ഷിതമായിരുന്നു. മാത്രമല്ല, ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മുന്‍കാലത്ത് പ്രാമുഖ്യമുണ്ടായിരുന്ന കീഴാള രാഷ്ട്രീയ മുന്നണികളെ ശിഥിലീകരിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. പല കീഴാള നേതാക്കള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭരണപങ്കാളിത്തം നല്‍കി നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍, ഒരു ഭരണ പ്രതിസന്ധി ഇല്ലാതിരുന്നിട്ടും, സവര്‍ണ സംവരണം നടപ്പിലാക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയത് വോട്ടുബാങ്ക് സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമായിരുന്നില്ല. മറിച്ച്, ഇന്ത്യയിലെ സവര്‍ണാധിപത്യ ശക്തികള്‍ക്ക് അലോസരമായിരുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനുള്ള ഒരു അവസരത്തെ അവര്‍ ഫലപ്രദമായി വിനിയോഗിക്കുകയാണ് ചെയ്തത്.
ഈ വസ്തുത വെളിപ്പെടുത്തുന്ന ഒരു പരസ്യം ആ സമയത്ത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പേരില്‍ ഇന്ത്യയിലെ വിവിധ ദേശീയ, പ്രാദേശിക ചാനലുകളിലൂടെ പ്രക്ഷേപിച്ചിരുന്നു. അത് ഇപ്രകാരമാണ്.
ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണമാണ് പരസ്യത്തിന്റെ ഉള്ളടക്കം. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമോ എന്ന പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ ചൂണ്ടിക്കാട്ടി ചില നിയമങ്ങള്‍ മാറ്റാനാവുമോ എന്ന് മകനോട് അച്ഛന്‍ ചോദിക്കുന്നു. എന്നാല്‍, ഇത്തരം ശാശ്വത സത്യങ്ങളെ മാറ്റിമറിച്ച ഒരു സംഭവം നടന്നതായും നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ സംവരണ നിയമം അതാണെന്നും മകന്‍ പറയുന്നു.
ഈ പരസ്യചിത്രം പുതിയ സംവരണ നിയമം വെറും വോട്ട് രാഷ്ട്രീയത്തിനുപരി ഇന്ത്യയിലെ കീഴാള, ന്യൂനപക്ഷജനങ്ങള്‍ ദീര്‍ഘകാലം സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങളെ എങ്ങനെയാണ് റദ്ദുചെയ്യുന്നതെന്ന് സൂചനകളിലൂടെ വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത, ദേശീയ നേതാക്കന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും കയ്പ് നിറഞ്ഞ ഈ അനുഭവമാണ് അല്ലെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രതികാരയുക്തിയോ വിഷമപ്രശ്‌നമോ ആയിട്ടാണ് സാമുദായിക സംവരണത്തെ ഡോ. ബി.ആര്‍ അംബേദ്കര്‍ വിശേഷിപ്പിച്ചത്. ഒരിക്കലും താല്‍പര്യമില്ലെങ്കിലും അവര്‍ക്ക് അത് സഹിക്കേണ്ടി വരുന്നത് സാമുദായിക സംവരണത്തിന് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലും കീഴാള രാഷ്ട്രീയധാരകള്‍ സജീവമായി നിലനില്‍ക്കുന്നതിനാലുമാണ്.
ഇപ്രകാരം വരേണ്യരെ അനുനിമിഷം പൊള്ളിച്ചിരുന്ന സാമുദായിക സംവരണത്തെ നരേന്ദ്രമോദി ഭരണകൂടം അട്ടിമറിച്ചതിലൂടെ സംഭവിച്ചത് യഥാര്‍ഥത്തില്‍ ഒരു സവര്‍ണ പ്രതിവിപ്ലവമാണ്. ഈ വിജയത്തെ നേരിട്ട് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ ഇപ്പോഴും പ്രതിബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭരണഘടനയും വിവിധതലങ്ങളില്‍ നിന്നുയരുന്ന കീഴാള നരേറ്റീവുകളുമാണ് ആ പ്രതിബന്ധങ്ങള്‍. അവയെ ഒഴിവാക്കാനാണ് മേല്‍പറഞ്ഞ പ്രതിവിപ്ലവത്തെ പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ച സൂചനകളിലേക്ക് മാറ്റി നിക്ഷേപിച്ചുകൊണ്ട് പ്രചാരണം നടത്തുന്നതെന്നു സാരം.
അതായത്, മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് സാമ്പത്തിക നീതി നടപ്പിലാക്കുകയല്ല, മറിച്ച് സവര്‍ണ സംവരണം എന്ന തത്വം പ്രയോഗിച്ചുകൊണ്ട് സാമൂഹിക നീതിയോടുള്ള കീഴാള പരിപ്രേക്ഷ്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് പരസ്യവും മോദി സര്‍ക്കാരും ചിഹ്നപരമായി സ്ഥാപിക്കുന്നു. വസ്തുതകള്‍ക്കും ഭാഷയ്ക്കും അപ്പുറം ചിഹ്നങ്ങള്‍ക്ക് ആണല്ലോ അര്‍ഥവ്യാപ്തി കൂടുതലുള്ളത്.
കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരും നരേന്ദ്രമോദിയും മുമ്പേ സവര്‍ണ സംവരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഈ പദ്ധതിയും വോട്ടുബാങ്ക് രാഷ്ട്രീയത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
അതായത്, കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ പ്രബല കക്ഷികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ബഹുജന അടിത്തറ നിലകൊള്ളുന്നത് മുന്നോക്ക സമുദായങ്ങളിലല്ല. മറിച്ച് ദലിതരും പിന്നോക്കക്കാരായ ഹിന്ദു സമുദായങ്ങളുമാണ് അവരുടെ അണികളില്‍ ബഹുഭൂരിപക്ഷവും. സുശക്തമായ ഈ വോട്ടുബാങ്കിനൊപ്പം ആര്‍.എസ്.എസ് ഭീതിയുയര്‍ത്തി മുസ്‌ലിം സമുദായ വോട്ടുകള്‍ ശിഥിലീകരിക്കാനും ന്യൂനപക്ഷ, സ്ത്രീ സംരക്ഷരെന്ന പേരില്‍ ലിബറല്‍ വോട്ടുകളെ ഏകീകരിക്കാനുമുള്ള അവരുടെ ശേഷിയാണ് തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകം. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം, ന്യൂനപക്ഷ സംരക്ഷണമെന്ന നിലയില്‍ ഇവര്‍ മുസ്‌ലിംലീഗ്, അടക്കമുള്ള സംഘടനകളെ വര്‍ഗീയവാദികളും തീവ്രവാദികളും മതരാഷ്ട്രവാദികളുമായി പിശാചുവല്‍ക്കരിക്കുന്നു എന്നതാണ്. ഇതിനര്‍ഥം സവര്‍ണ ഹിന്ദു പൊതുബോധമാണ് കീഴാള ജനതയുടെ അടിത്തറയില്‍നിന്നുകൊണ്ട് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രക്ഷേപിക്കുന്നതെന്നാണ്.
ഇതേസമയം മുന്‍പ് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മുന്നോക്ക സമുദായ വോട്ടുകളില്‍ കുറേ ഭാഗം ബി.ജെ.പിയില്‍ എത്തിയിട്ടുണ്ട്. ആ വോട്ടുകളെ സ്വാധീനിക്കാന്‍ സവര്‍ണ സംവരണംകൊണ്ട് സാധ്യമല്ല. കടുത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണ് അവര്‍ എന്നതാണ് കാരണം. ചുരുക്കിപ്പറഞ്ഞാല്‍ മുന്നോക്ക സമുദായ വോട്ടുകള്‍ കുറെയെങ്കിലും കിട്ടുക എന്ന ലക്ഷ്യത്തിനൊപ്പം ഇടത്, വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പണ്ടേ പുലര്‍ത്തിപോന്ന കീഴാള, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ നാനാര്‍ഥങ്ങള്‍ സവര്‍ണ സംവരണ നടപടികളില്‍ കാണാവുന്നതാണ്.
ഇന്ത്യയില്‍ വംശീയ ഫാസിസത്തിന് രണ്ട് മുഖങ്ങളാണുള്ളത്. ഒന്ന്, കീഴാള ജനതയുടെ സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നതിയോടും അവരുടെ സാമൂഹികമായ ചലനങ്ങളോടുമുള്ള വരേണ്യരുടെ ശത്രുത. ഇത് പ്രകടമാക്കുന്നത് സംവരണ വിരുദ്ധതയിലൂടെയും മെറിറ്റ് വാദത്തിലൂടെയും ദലിത് മര്‍ദനങ്ങളിലൂടെ കീഴാള സ്ത്രീകളുടെ മേലുള്ള ബലാത്സംഗങ്ങളിലൂടെയുമാണ്. മറ്റൊന്ന് മുസ്‌ലിംകളോടും ഇതര ന്യൂനപക്ഷങ്ങളോടുമുള്ള അപാര വെറുപ്പാണ്. ഇത് പ്രത്യക്ഷമാകുന്നതാകട്ടെ, പിശാചുവല്‍ക്കരണങ്ങളിലൂടെയും കിംവദന്തി പ്രചാരണങ്ങളിലൂടെയും വംശീയമായ കൂട്ടക്കൊലകളിലൂടെയുമാണ്.
ഹൈന്ദവ വംശീയതയുമായി ആഴത്തില്‍ കണ്ണിചേര്‍ന്നു കിടക്കുന്ന ഫാസിസത്തിന്റെ ഈ രണ്ട് ധാരകളെയും അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ല, ഇടതും വലതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയങ്ങളും പരിപാടികളും. അവര്‍ ഒരു വശത്ത് കീഴാളരുടെ രാഷ്ട്രീയാധികാരത്തിന്റെയും പ്രാതിനിധ്യ ജനാധിപത്യത്തിലെ പങ്കാളിത്തത്തിന്റെയും അടയാളമായ സംവരണത്തെ സാമൂഹിക നീതി സങ്കല്‍പങ്ങളില്‍നിന്നും വെട്ടിമാറ്റുന്നു. പകരം അതിനെ തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യനിര്‍മാര്‍ജന പരിപാടിയിലും ചുരുക്കുന്നു. ഇത് തന്നെയാണ് സംഘ്പരിവാറും ചെയ്യുന്നത്.
മറുവശത്ത് ഇവര്‍ ന്യൂനപക്ഷ രാഷ്ട്രീയത്തേയും പ്രസ്ഥാനങ്ങളെയും അപ്പാടെ റദ്ദ് ചെയ്യുന്നു. ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത എന്ന വ്യാജ സമീകരണം നടത്തികൊണ്ടാണ് ഈ പുറന്തള്ളല്‍ നടപ്പിലാക്കുന്നത്. ബ്രാഹ്മണിസ്റ്റ് വംശീയതയുടെയും തീവ്രദേശീയവാദത്തിന്റെയും വക്താക്കളും ഭരണാധികാരത്തെ മൊത്തമായി കയ്യാളുന്നവരുമായ സംഘ്പരിവാറുമായി ന്യൂനപക്ഷപ്രസ്ഥാനങ്ങളെ സമീകരിക്കുന്നവര്‍ ആന്തരികവല്‍ക്കരിച്ചിട്ടുള്ളത് ഭൂരിപക്ഷ ഹിന്ദു പൊതുബോധമാണെന്ന പറയേണ്ടതില്ലല്ലോ.
ഇന്ത്യയില്‍ ആദ്യമായി സംവരണ വിരുദ്ധ കലാപങ്ങള്‍ ആരംഭിച്ചത് മുസ്‌ലിം വംശഹത്യകളെ ഒരു രാഷ്ട്രീയ സംവിധാനമാക്കി വികസിപ്പിച്ച ഗുജറാത്തില്‍ നിന്നാണെന്നത് യാദൃച്ഛികമല്ല. എന്നാല്‍, ഇത്തരം സവര്‍ണ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടതും ആശയാടിത്തറയുണ്ടാക്കിയതും കേരളത്തിലെ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മിറ്റിയാണെന്ന് എല്ലാവര്‍ക്കുമറിയാം. അവരാണ് സംവരണത്തെ സാമ്പത്തിക വാദമായും മെറിറ്റോക്രസിയുമായി കൂട്ടിക്കെട്ടിയത്. സാമൂഹിക നീതിയോടുള്ള ഈ യുദ്ധപ്രഖ്യാപനമാണ് പില്‍ക്കാലത്ത് വിവിധ ലിബറല്‍ കക്ഷികളും യൂത്ത് ഫോര്‍ ഇക്വാലിറ്റിയും ഹിന്ദുത്വവാദികളും സംവരണ വിരുദ്ധതയായി ഏറ്റെടുത്തത്.
1980 കളില്‍ രൂപപ്പെട്ട കീഴാള രാഷ്ട്രീയമാണ് സംവരണത്തിന് പുനര്‍നിര്‍വചനം നല്‍കിയതും വിവിധതലങ്ങളിലേക്ക് സംവരണം വികസിപ്പിക്കേണ്ട ആവിശ്യകതയെ പറ്റിയുള്ള ദേശീയ ചര്‍ച്ചകള്‍ ആരംഭിച്ചതും. അത്തരം കാര്യങ്ങളെ ജാതിയുടെ തിരിച്ചുവരവായി മുദ്രകുത്തി പുറന്തള്ളാനാണ് മുഖ്യധാര കക്ഷികളും ദേശീയ മാധ്യമങ്ങളും ശ്രമിച്ചത്. ഇതേ അവസരത്തില്‍ ഇടത്, വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മുഖ്യധാരയുടെ ചുവടൊപ്പിച്ച് തന്നെയാണ് നടന്നത്.
സംവരണത്തെ വിപുലീകരിച്ചുകൊണ്ട് അതിനെ സ്വകാര്യ മേഖലയിലേക്കും ജുഡീഷ്യറി, സൈന്യം, ശാസ്ത്ര സാങ്കേതിക മേഖല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന പോലുള്ള പുത്തന്‍ അവകാശസമരങ്ങള്‍ കീഴാള രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തിയും അന്‍പത് ശതമാനം എന്ന പരിധി നിശ്ചയിച്ചുമാണ് ഭരണവര്‍ഗം തിരിച്ചടിച്ചത്. ക്രീമിലെയര്‍ നടപ്പിലായതോടെ പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളിലെ മധ്യവര്‍ഗം സംവരണത്തിനുവേണ്ടിയുള്ള സമരങ്ങളില്‍നിന്നും പിന്തിരിഞ്ഞുപോയി. പരിധി നിശ്ചയത്തിന്റെ ഫലമായി സംവരണത്തെ ജനസംഖ്യാപരമായി പുനര്‍നിര്‍ണയിക്കണമെന്ന ആവശ്യവും റദ്ദാക്കപ്പെട്ടു. ഈ രണ്ട് തിരിച്ചടികളുടെയും സ്വാഭാവിക തുടര്‍ച്ചയില്‍ നിന്നുമാണ് മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും പുതുതായി സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കാണാം.
കേരളത്തില്‍ പത്ത് ശതമാനം സവര്‍ണ സംവരണം നടപ്പിലാക്കിയതോടെ, ജനസംഖ്യ ന്യൂനപക്ഷമായ സവര്‍ണര്‍ക്ക് ഫലത്തില്‍ അറുപത് ശതമാനത്തിലധികം സംവരണമേഖല തുറന്നു കിട്ടിയിരിക്കുകയാണ്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ദലിത് - പിന്നോക്ക - ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളിലും വളരെ താഴെ മാര്‍ക്കുള്ള ഉപരിജാതിക്കാര്‍ക്ക് പ്രവേശനം കിട്ടുന്ന സ്ഥിതി ഉളവായിരിക്കുകയാണ്. ഇന്നലെവരെ സംവരണം മെറിറ്റിനെയും കാര്യക്ഷമതയെയും കുറയ്ക്കുമെന്ന് വിലപിച്ചിരുന്നവര്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നതും അര്‍ഥഗര്‍ഭമാണ്.
ഇതേസമയം കേരളത്തിലെ മുഖ്യധാര പ്രതിപക്ഷ കക്ഷികളും നിശബ്ദ പിന്തുണകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴാള വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന വസ്തുതയും കാണാതിരുന്നു കൂടാ.
കേരളത്തിലെ ഇടതുപക്ഷ മുന്നണിയും അതിനെ നയിക്കുന്ന ഇടത് - വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കാലങ്ങളായി തുടരുന്ന കീഴാള ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം തന്നെയാണ് പ്രതിരോധിക്കപ്പെടേണ്ടത്. അതിനുപകരം ഈഴവനായ പിണറായി വിജയനെയും ദലിതനായ എ.കെ ബാലനെയും മുസ്‌ലിമായ എളമരം കരീമിനെയും പിന്നോക്ക ന്യൂനപക്ഷ സ്ത്രീയായ മെഴ്‌സികുട്ടിയമ്മയെയും മറ്റും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നരേറ്റീവുകള്‍ ആശാസ്യമാണെന്ന് തോന്നുന്നില്ല. നേരെമറിച്ച് അവരുടെ നയപരിപാടികളെയും പാര്‍ട്ടി സംവിധാനങ്ങളെയും വിമര്‍ശിക്കുന്നതിനൊപ്പം കേരളത്തില്‍ ഇരുമുന്നണികളുടെയും ഭരണത്തിന്റെ ആനുകൂല്യംപറ്റി പുതിയൊരു ആഭിജാത വിഭാഗം ഉണ്ടായിട്ടുള്ളതായും തിരിച്ചറിയേണ്ടതുണ്ട്. അവരുടെ ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്ക് എതിരായ സമാന്തര സമരങ്ങളും നരേറ്റീവുകളുമാണ് പ്രതിരോധമായി ഉയര്‍ത്തേണ്ടതെന്ന് തോന്നുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."