മെട്രോ ട്രെയിന്‍ ഓടിതുടങ്ങുമ്പോള്‍ ജീവനക്കാരന്റെ കുപ്പായമണിയാന്‍ ഫൈസലും
ചാവക്കാട്: എറണാകുളം മെട്രോ ട്രെയിന്‍ ഓടിതുടങ്ങുന്നതോടൊപ്പം ജീവനക്കാരന്റെ കുപ്പായമണിയാന്‍ ചാവക്കാട് നിന്നുള്ള മുപ്പതുകാരനായ ഫൈസലും. തൃശൂര്‍ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ നാല് സെന്റ് കോളനിയിലെ ചാലില്‍ മുഹമ്മദിന്റെയും ബീവാത്തുവിന്റെയും നാലാമത്തെ മകനായ ഫൈസല്‍ ഭിന്ന ലിംഗക്കാരനാണ്.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഭിന്ന ലിംഗക്കാര്‍ക്ക് ആദ്യമായി ലഭിക്കുന്ന തൊഴിലിടമായി ഇതോടെ കൊച്ചി മെട്രോ ചരിത്രത്തില്‍ കുറിക്കപ്പെടും. ഫൈസലിനൊപ്പം ഭിന്ന ലിംഗക്കാരായ വേറെ 23 പേരും മെട്രോ ട്രെയിനില്‍ സേവന നിരതരാവും.
സ്‌ത്രൈണ ഭാവത്തില്‍ കുണുങ്ങി നടത്തവും നാണം നിറഞ്ഞ മിഴികളും കടക്കണ്ണ് കൊണ്ടുള്ള നോട്ടവും കാരണം ചെറുപ്പം മുതലേ പരിഹാസവും പഴിയും കേട്ടാണ് ഫൈസല്‍ വളര്‍ന്നത്. ഏഴാം ക്ലാസിലെത്തിയതോടെ സഹപാഠികള്‍ ഫൈസലില്‍ നിന്നും കൂടുതല്‍ അകന്നു തുടങ്ങി. ഫൈസലിനോട് കൂട്ട് കൂടുന്നതില്‍ നിന്ന് ആണ്‍കുട്ടികളെ മുതിര്‍ന്നവര്‍ നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടികളാണ് ഫൈസലിനെ പരിഗണിച്ചത്.
സ്‌കൂളിലേക്കുള്ള വഴിയിലുട നീളം അനുഭവിക്കേണ്ടി വന്ന കളിയാക്കലുകള്‍, ആക്ഷേപങ്ങള്‍ എല്ലാം ഫൈസലിനോടൊപ്പം വളര്‍ന്നു. ഇതോടെ ഫൈസല്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തൃശൂരില്‍ രൂപം കൊണ്ട ക്വീര്‍ പ്രൈഡ് (ഝൗലലൃ ുൃശറല) എന്ന സംഘടനയുടെ സ്ഥാപകാംഗമാണ് ഫൈസല്‍.
തൃശൂരില്‍ പൊലിസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് നിന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നേരിട്ട പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നതിനു ഫൈസല്‍ നേതൃത്വം നല്‍കി.
ഇതുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സംഘത്തിലും ഫൈസല്‍ ഉണ്ടായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ച് അറിയാനും പഠിക്കാനുമായി വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ കോളജില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഫൈസലിനെ തേടിയെത്തുന്നു. ടി.വി ചാനല്‍ പ്രോഗ്രാമുകള്‍, കോളജുകളിലെ കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവിടങ്ങില്‍ ഫൈസല്‍ അതിഥിയായി ക്ഷണിക്കപ്പെടുകയും ഭിന്ന ലിംഗ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
ചലച്ചിത്രമേളകള്‍, കലാ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകള്‍, വിവിധ സാമൂഹിക പ്രതിരോധ വേദികള്‍ എന്നിവിടങ്ങളില്‍ ഫൈസല്‍ സജീവ സാന്നിധ്യമാണ്. ആദ്യകാലങ്ങളില്‍ ഹോട്ടല്‍ പണികളിലേര്‍പ്പെട്ടിരുന്ന ഫൈസല്‍ ഇപ്പോള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഫൈസലിന്റെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയവും.
പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍ബുദം ബാധിച്ച് മരിച്ചു. മെട്രോ ടെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ ഫൈസലും കൂട്ടുകാരും ജീവനക്കാരായി യാത്രക്കാര്‍ക്കൊപ്പമുണ്ടാകും.
അതിനുള്ള സര്‍ക്കാര്‍ പരിശീലനവും കഴിഞ്ഞ് സാക്ഷ്യ പത്രവുമായി കഴിഞ്ഞ ദിവസമാണ് ഫൈസല്‍ നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."