അസമില്‍ കാര്‍ഗില്‍ പോരാളി സനാഉല്ലയെ വിദേശിയായി മുദ്രകുത്തി ജയിലിലടച്ചതില്‍ ട്വിസ്റ്റ്; നടപടി യാതൊരു അന്വേഷണവും നടത്താതെ തയാറാക്കിയ വ്യാജ റിപോര്‍ട്ട് പരിഗണിച്ച്
ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തി കാത്ത സൈനികന്‍ അസം സ്വദേശി സനാഉല്ലയെ വിദേശിയെന്നു മുദ്രകുത്തി ജയിലിലടച്ചത് യാതൊരു അന്വേഷണവും നടത്താതെ തയാറാക്കിയ വ്യാജ റിപ്പോര്‍ട്ട് പരിഗണിച്ച്. ഒരുവിധത്തിലുമുള്ള അന്വേഷണവും നടത്താതെയാണ് അസമിലെ പൗരത്വ രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അതില്‍ ഒപ്പുവച്ച മൂന്നു 'ദൃക്‌സാക്ഷികള്‍' പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വ്യാജ 'അന്വേഷണ' റിപോര്‍ട്ട് തയാറാക്കിയതിന് കേസിന്റെ ചുമതലയുള്ള ഓഫീസറായ ചന്ദ്രമല്‍ ദാസിനെതിരെ ഇവര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്തതായി സനാഉല്ലയുടെ ജില്ലയായ കാംരൂപ് ജില്ലാ പലിസ് മേധാവി സഞ്ചീവ് സൈകിയ പറഞ്ഞു. സനാഉല്ലയെ തടവിലിടുകയും അസം പൊലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമാവുകയും പൊലിസ് യൂനിഫോമുകള്‍ തിരിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ നടപടികള്‍ക്കെല്ലാം കാരണമായ റിപോര്‍ട്ട് വ്യാജമാണെന്ന വെളിപ്പെടുത്തലുകളുണ്ടാവുന്നത്.
ദൃക്‌സാക്ഷിളെന്ന് ബി.എസ്.എഫ് അവകാശപ്പെടുന്ന മുഹമ്മദ് കുബ്രാന്‍ അലി, മുഹമ്മദ് സെബാന്‍ അലി, അംജദ് അലി എന്നിവരാണ് ചന്ദ്രമല്‍ ദാസിനെതിരെ പരാതി നല്‍കിയത്. റിപോര്‍ട്ട് തങ്ങള്‍ കണ്ടിട്ടില്ലെന്നും തങ്ങളുടെ അറിവോ സമ്മതോ കൂടാതെ വ്യാജ ഒപ്പുവെച്ച ദൃക്‌സാക്ഷി വിവരണമാണ് അധികൃതര്‍ക്ക് ചന്ദ്രമാല്‍ ദാസ് സമര്‍പ്പിച്ചതെന്നും ഇവര്‍ പൊലിസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരായ, ന്യൂനപക്ഷങ്ങളെ വിദേശ പൗരന്മാരെന്നും അനധികൃത കുടിയേറ്റക്കാരെന്നും മുദ്രകുത്തി ഇന്ത്യയില്‍ നിന്നു പുറത്താക്കാനാണ് ബി.എസ്.എഫ് ശ്രമിക്കുന്നതെന്നും മൂന്നുപേരും കുറ്റപ്പെടുത്തി. കുബ്രാന്‍ അലിയും സനാവുല്ലയും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. 2009ലാണ് ചന്ദ്രമാല്‍ ദാസ് മൂന്നുപേരുടേയും സാക്ഷിമൊഴി എടുക്കുന്നത്. സനാഉല്ലയെ വിദേശിയായി മുദ്രകുത്തി ജയിലിലടക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ സാക്ഷിമൊഴികള്‍.
അതേസമയം, അന്വേഷണത്തിനിടെ തെറ്റുപറ്റിയെന്ന് ചന്ദ്രമാല്‍ദാസും വ്യക്തമാക്കി. സനാവുല്ലയെന്ന മറ്റൊരു വ്യക്തിയെക്കുറിച്ചാണ് താന്‍ അന്വേഷിച്ചതെന്നും എന്നാല്‍, കുടുങ്ങിയത് സൈന്യത്തില്‍ സേവനമനുഷ്ടിച്ച മുഹമ്മദ് സനാഉല്ല ആയിപ്പോയെന്നും ഇതാണ് ഭരണതലത്തില്‍ തെറ്റിദ്ധാരണയുണ്ടാവാന്‍ കാരണമെന്നും ചന്ദ്രമല്‍ ദാസ് പറഞ്ഞു. എന്നാല്‍ അന്വേഷണ റിപോര്‍ട്ടില്‍ മുഹമ്മദ് സനാഉല്ലയുടെ ഗ്രാമമായ കൊലോയ്കാഷിലെ വ്യാജസാക്ഷി മൊഴികള്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ അദ്ദേഹം വിശദീകരണം അദ്ദേഹം നല്‍കിയില്ല.
52 കാരനായ മുഹമ്മദ് സനാഉല്ല സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് രണ്ടാഴ്ച മുന്‍പാണ് സനാഉല്ലയെ ജയിലിലടച്ചത്. ഇപ്പോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ (പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടവരെ അടക്കുന്ന തടവുകേന്ദ്രം) ആണ് സനാഉല്ല ഉള്ളത്. തടവുകേന്ദ്രത്തില്‍ കഴിയുന്നവരുടെ ഹരജി ഫോറീന്‍ ട്രിബൂനലും തള്ളുന്നതോടെ ഇവര്‍ പിന്നീട് ജീവിതാവസാനം വരെ ഇവിടെ കഴിയേണ്ടിവരും. തടവുകേന്ദ്രത്തിലുള്ള ചിലരെ അടുത്തിടെ സൈന്യം ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊണ്ടുവിട്ടിരുന്നു.
സൈന്യത്തില്‍ നിന്ന് 2017ല്‍ ആണ് സനാഉല്ല വിരമിച്ചത്. സൈന്യത്തിലിരിക്കെ കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ നടന്ന സൈനികനടപടിയിലും പങ്കെടുത്തയാളാണ് ഇദ്ദേഹം. 2014ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച സനാഉല്ലയെ, ഓണററി ലെഫ്റ്റനന്റായും സൈന്യം ആദരിച്ചിരുന്നു. എന്നാല്‍, ദേശീയ പൗരത്വ പട്ടികയുടെ രൂപത്തില്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തിന് 'വിദേശി' ബ്രാന്‍ഡ് വരികയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്ന തനിക്ക് ഈ അവസ്ഥവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സനാഉല്ല പറയുന്നു.
ബംഗ്ലാദേശ് നിലവില്‍വന്ന 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പായി ഇന്ത്യയിലെത്തിയതിന്റെ രേഖകള്‍ തെളിയിക്കാന്‍ കഴിയാത്തവരെ വിദേശികളായി മുദ്രകുത്തുന്ന പൗരത്വ രജിസ്റ്റര്‍ സംവിധാനം നിലവില്‍ വന്നതോടെ അസമില്‍ ലക്ഷക്കണക്കിനുപേരാണ് പൗരത്വപട്ടികയില്‍ ഇടംപിടിക്കാനായി ഞെട്ടോടമോടുന്നത്. രണ്ടുവര്‍ഷം മുന്‍പ് പുറത്തുവിട്ട പൗരത്വപട്ടികയില്‍ നാല്‍പ്പതുലക്ഷത്തോളം പേരാണ് പുറത്തുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബംഗാളി ഹിന്ദുക്കളാണെങ്കിലും, മുസ്‌ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം എളുപ്പമാക്കുന്ന നിയമം ഉള്ളതിനാല്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് കാര്യമായ ആശങ്കയില്ല. എന്നാല്‍, പട്ടികയിലെ ലക്ഷക്കണക്കിന് വരുന്ന ബംഗാളി മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാവും. ബംഗ്ലാദേശ് പൗരത്വം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അവരെ ബംഗ്ലാദേശും ഏറ്റെടുക്കില്ല.
-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."