പീഡനത്തിനിരയായ യുവതിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രിംകോടതി അനുമതി
ന്യൂഡല്‍ഹി: പീഡനത്തിനിരയായ യുവതിയുടെ 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. അമ്മയ്ക്ക് അപകടം ഉണ്ടാകുന്ന തരത്തില്‍ ഭ്രൂണത്തിന് അസ്വാഭാവിക വളര്‍ച്ചയുണ്ടെന്നുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം മുംബൈ കെ.ഇ.എം ആശുപത്രിയിലെ ഏഴു ഡോക്ടര്‍മാരടങ്ങുന്ന സമിതിയാണ് വെള്ളിയാഴ്ച യുവതിയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
മുംബൈയില്‍ വിവാഹവാഗ്ദാനം നല്‍കിയയാളുടെ പീഡനത്തിനിരയായ യുവതി നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ ജഗദീഷ് സിങ് കേഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുളള ഗര്‍ഭം അലസിപ്പിക്കാന്‍ വ്യവസ്ഥയില്ല. അതിനാല്‍ ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ഭ്രൂണത്തിന്റെ വളര്‍ച്ചയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി. മാതാവിന്റെ ജീവന് ഭീഷണിയാകുന്നതുപോലുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ചയ്ക്ക് ശേഷമുള്ള ഗര്‍ഭം അലസിപ്പിക്കാനും നിയമം അനുമതി നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."