പറന്നിറങ്ങിയ ദുരന്തത്തില്‍ നിന്ന് രണ്ടാം ജന്മത്തിലേക്ക് നൗഫല്‍
കല്‍പ്പറ്റ: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അവസാനത്തേയാളും ആശുപത്രി വിട്ടു. വയനാട് ചീരാല്‍ സ്വദേശി കിഴക്കേതില്‍ നൗഫല്‍ ആണ് ദുരന്തത്തിന് 70 ദിവസത്തിന് ശേഷം ആശുപത്രി വിടുന്നത്. മരണത്തില്‍ നിന്ന് രണ്ടാം ജന്മത്തിലേയ്ക്ക് തിരിച്ചു കയറിയതിന്റെ സന്തോഷത്തിലാണ് ബാവ ഹാജിയുടെയും പരേതയായ ജമീലയുടേയും മകനായ നൗഫലിപ്പോള്‍.
ഭാര്യയും കുഞ്ഞു മകനുമൊക്കെയുള്ള സുന്ദരലോകം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ദൈവത്തിനും ഡോക്ടര്‍മാര്‍ക്കും നന്ദി പറയുകയാണ് ഈ യുവാവ്. അപകടത്തില്‍ പെട്ട് കോഴിക്കോട് മിംസില്‍ എത്തിച്ചപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്ക്, എല്ലുകള്‍ക്ക് പൊട്ടല്‍, പലഭാഗത്തേയും തൊലിയും ദശയും വരെ നഷ്ടപ്പെട്ട അവസ്ഥ. സങ്കീര്‍ണമായ ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയും രണ്ട് മാസം നീണ്ടു നിന്നു ചികിത്സ.
എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയിലായിരുന്നു ചികിത്സ. ആശുപത്രിക്ക് സമീപം എയര്‍ ഇന്ത്യ തന്നെ തയാറാക്കിയ വീട്ടില്‍ കഴിഞ്ഞാണ് ഇനി നൗഫല്‍ തുടര്‍ചികിത്സ നടത്തുക. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ശരീരമാസകലം പരുക്കേറ്റതിനാല്‍ 14 ഓളം ശസ്ത്രക്രിയകള്‍ നൗഫലിനു വേണ്ടി വന്നുവെന്ന് സഹോദരന്‍ റഹീം 'സുപ്രഭാത'ത്തോട് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത നൗഫലിന് എയര്‍ ഇന്ത്യ സ്‌റ്റേഷന്‍ മാനേജര്‍ റാസ അലിഖാന്‍, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബില്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.പി വേണുഗോപാലന്‍, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ.എസ് കൃഷ്ണകുമാര്‍ എന്നിവര്‍ ഉപഹാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ദുബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ടത്. 21 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 149 പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."