രാഷ്ട്രപതിയുടെ നിര്‍ദേശം: കെ.ആര്‍ നാരായണന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ തയാറാകുന്നു
പാലാ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരം മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ജീവചരിത്രം ഇംഗ്ലീഷില്‍ പുറത്തിറക്കുന്നു. കെ.ആര്‍ നാരായണന്‍ ഫൗണ്ടേഷനാണ് ഗ്രന്ഥം പുറത്തിറക്കുന്നത്.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് തയാറാക്കിയ 'കെ.ആര്‍ നാരായണന്‍ ഭാരതത്തിന്റെ സൂര്യതേജസ്' എന്ന ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷില്‍ പുറത്തിറക്കുന്നത്.
കഴിഞ്ഞ വര്‍ഷം എബിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചപ്പോള്‍ മലയാളം ജീവചരിത്രം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. അന്ന് രാഷ്ട്രപതി പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചു ഫൗണ്ടേഷന്‍ ഭാരവാഹികളോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് 'കെ.ആര്‍ നാരായണന്‍ റീഫുള്‍ജന്റ് സണ്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ പരിഭാഷപ്പെടുത്തി പുറത്തിറക്കുന്നത്.
പ്രശസ്ത വിവര്‍ത്തകന്‍ ജയശങ്കര്‍ മേനോനാണ് പരിഭാഷ നിര്‍വഹിച്ചത്. പാലായിലെ ബുക്ക് മീഡിയാ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ വി.ജെ സെബാസ്റ്റ്യന്‍ നരിവേലി, ഡോ. സിന്ധുമോള്‍ ജേക്കബ്, സാബു എബ്രാഹം തുടങ്ങിയവരും പദ്ധതിയുടെ വിജയത്തിനായി രംഗത്തുണ്ട്. പ്രകാശനം രാഷ്ട്രപതിയുടെ സമയമനുസരിച്ചു നടത്താനാണ് തീരുമാനം. അടുത്ത മാസം പകുതിയോടെ അച്ചടി പൂര്‍ത്തിയാകും.
രാഷ്ട്രപതിഭവനില്‍ നിന്നടക്കമുള്ള നിരവധി അപൂര്‍വ ചിത്രങ്ങള്‍ ജീവചരിത്ര പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കെ.ആര്‍ നാരായണന്റെ സഹോദരങ്ങളായ കെ.ആര്‍ ഗൗരി, കെ.ആര്‍ ഭാസ്‌ക്കരന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.സി ജയരാജന്‍, പ്രസ് സെക്രട്ടറിയായിരുന്ന എസ്.എന്‍ സാഹു, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് എതിരാളിയായിരുന്ന എ.കെ ബാലന്‍, കുടുംബ സുഹൃത്ത് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."