റോഡ് പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
മാള: പഞ്ചായത്തിലെ മാരേക്കാട് നെടുംകുന്ന് കാട്ടിക്കരകുന്ന് റോഡിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഫണ്ട് അനുവദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റോഡ് പുനര്‍നിര്‍മാണം നടത്താത്ത നടപടിക്കെതിരേ സമരം ആരംഭിക്കുന്നതിനായി ഗുരുദേവനഗര്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
വര്‍ഷങ്ങളേറെയായി തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത് കാരണം പ്രദേശ വാസികളുടെ യാത്ര ദുരിത പൂര്‍ണമാണ്. മാരേക്കാട് നെടുംകുന്ന് റോഡ് ഏഴ് വര്‍ഷത്തോളമായി പുനര്‍നിര്‍മാണം നടത്താത്തത് കാരണം ടാറിങ് മുഴുവന്‍ ഇളകി പോയി കല്ലുകള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. കൂടാതെ ജലനിധിക്ക് പൈപ്പിടുന്നതിനായി റോഡ് പൊളിച്ചത് കൂടുതല്‍ ശോച്യാവസ്ഥക്ക് കാരണമായി. അതിനാല്‍ ഓട്ടോറിക്ഷകളും ടാക്‌സികളും ഈ വഴിക്ക് വാടകക്ക് വരാന്‍ പോലും മടിക്കുകയാണ്.
കുഴികള്‍ നിറഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെ ഓടിച്ചാല്‍ വാഹനങ്ങള്‍ തകരാറിലാകുമെന്നതിനാലാണ് ഓട്ടം വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ ഒഴിഞ്ഞ് മാറുന്നത്. കല്ലുകള്‍ ഇളകി ചിതറി കിടക്കുന്നതിനാല്‍ കാല്‍നട യാത്രയും ഇത് വഴി ദുഷ്‌കരമായിരിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ റോഡിന്റെയും മറ്റ് അഞ്ച് റോഡുകളുടെയും പുനര്‍നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഭരണമാറ്റം റോഡ് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് സൂചന. പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനായപ്പോള്‍ ഇതില്‍ പെട്ട ചില റോഡുകളുടെ ചില ഭാഗങ്ങള്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനര്‍ നിര്‍മിച്ചതിനാല്‍ പകരം ചേര്‍ത്ത റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി വീണ്ടും നടപടി ക്രമങ്ങള്‍ ആദ്യം മുതല്‍ പൂര്‍ത്തീകരിക്കേണ്ടി വന്നു. കരാറുകാരന്റെ അനാസ്ഥയും ഉണ്ടായി.
ഇത് രണ്ടുമാണ് റോഡ് പുനര്‍നിര്‍മാണം അനിശ്ചിതമായി വൈകാനുള്ള കാരണമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. തകര്‍ന്ന് കിടക്കുന്ന മാരേക്കാട് നെടുംകുന്ന് റോഡിന്റെ പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് പ്രദശവാസികള്‍ പ്രതിഷേധം യോഗം സംഘടിപ്പിച്ചു.
നാട്ടുകാരുടെ ക്ഷണം സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീജിത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒരാഴ്ചക്കുള്ളില്‍ റോഡ് നിര്‍മാണം തുടങ്ങുമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്. കരാറുകാരന്റെ വീട്ടുപടിക്കലും പഞ്ചായത്ത് ഓഫിസിന് മുന്നിലും സമരം തുടങ്ങാനാണ് തീരുമാനം. പ്രതിഷേധ സംഗമത്തില്‍ അനില്‍ കുമാര്‍, മനാഫ്, നജീബ് അന്‍സാരി, രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."