പെരുന്നാള്‍ ആഹ്ലാദങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍. സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിലും ഖുതുബയിലും ദശലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കാളികളായി.
സഊദി ഭരണാധികാരിയും ഇരു ഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവ് ലോക മുസ്ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസികളും നാട്ടിലെന്ന പോലെ പെരുന്നാള്‍ ആഘോഷിച്ചു. ഒരു മാസക്കാലം നീണ്ട വൃതശുദ്ധിയില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ചെറിയ പെരുന്നാളാഘോഷം പ്രവാസി മലയാളികള്‍ അവിസ്മരണീയമാക്കി. അവധി ദിനങ്ങളില്‍ പല സംഘടനകളും സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രകളും, നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.
സഊദിയില്‍ തുമൈറിലും ശഖ്റായിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വാദങ്ങള്‍ കേട്ട ശേഷമാണ് നോമ്പ് 29നു ശേഷം ചൊവാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചത്.
ഒമാനൊഴികെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലും മിക്ക അറബ് രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് പെരുന്നാള്‍ ആഘോഷിച്ചത്.
ഓസ്ട്രേലിയയിലും ജപ്പാനിലും ഇന്തോനേഷ്യയിലും മലേഷ്യയിലും കേരളം പോലെ ബുധനാാഴ്ചയാണ് പെരുന്നാള്‍.
മക്കയിലും മദീനയിലുമായി ഇരുപത് ലക്ഷത്തലധികം പേരാണ് പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മക്കയിലെത്തിയ വിവിധ ലോക നേതാക്കളടക്കം വിശിഷ്ട വ്യക്തികളും മക്കയിലെ ഹറം പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. മദീനയില്‍ പ്രവാചക പള്ളിയില്‍ ഇമാം ശൈഖ് സ്വലാഹ് അല്‍ ബുദൈര്‍ പെരുന്നാള്‍ ഖുതുബക്ക് നേതൃത്വം നല്‍കി. മക്കയില്‍ നിസ്‌കാരത്തിനു ഇമാം ശൈഖ് സ്വലാഹ് അല്‍ ഹുമൈദ് എന്നിവരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."