ഓലകരിച്ചലും മഞ്ഞളിപ്പുരോഗവും; ചിറ്റൂര്‍ മേഖലയില്‍ വ്യാപക കൃഷിനാശം
ചിറ്റൂര്‍: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ചിറ്റൂര്‍ മേഖലയില്‍ വ്യാപകമായി കൃഷി നാശത്തിനിടയാക്കി.
വരള്‍ച്ചയെ അതിജീവിച്ച് ഇറക്കിയ നെല്‍കൃഷിയാണ് കനത്ത മഴയെ തുടര്‍ന്ന് നഷ്ടത്തിലായത്. മഴ മാറി വെയിലടിക്കാന്‍ തുടങ്ങിയതോടെ ഇവിടങ്ങളിലെ നെല്‍കൃഷി ഭൂരിഭാഗവും ഓലകരിച്ചല്‍ രോഗത്തിന്റെ പിടിയിലായി.
ഇതോടെ കര്‍ഷകര്‍ ആകെ തളര്‍ന്നിരിക്കുകയാണ്. പെരുമാട്ടി, പട്ടഞ്ചേരി , നല്ലേപ്പിളളി, പൊല്‍പ്പുള്ളി, പെരുവെമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ നൂറ് കണക്കിന് ഏക്കര്‍ നെല്‍കൃഷിയിലാണ് ഓലകരിച്ചല്‍ രോഗം ബാധിച്ചിരിക്കുന്നത്. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ 6500 ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്തിട്ടുള്ളത്. ഇതില്‍ ഓല കരിച്ചലും മറ്റു രോഗങ്ങളും ബാധിച്ച് 3700 ഹെക്ടര്‍ വിള നശിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതുപോലെ തന്നെ മഞ്ഞളിപ്പുരോഗം ബാധിച്ച് വാഴകൃഷിക്കും തെങ്ങുകള്‍ക്കും വ്യാപകനാശം സംഭവിച്ചിട്ടുണ്ട്.
മഴ ലഭിച്ചപ്പോള്‍ വെള്ളീച്ചക്ക് ശമന ഉണ്ടായതില്‍ ആശ്വാസത്തിലിരിക്കെയാണ് ഓര്‍ക്കാപ്പുറത്തുണ്ടായ മഞ്ഞളിപ്പുരോഗം തെങ്ങ് കര്‍ഷകരെ നിരാശപ്പെടുത്തുന്നത്. പെരുമാട്ടി പഞ്ചായത്തിലെന റണിയില്‍ രാധാകൃഷ്ണന്റെ തെങ്ങിന്‍ തോപ്പിലെ തെങ്ങുകള്‍ക്ക് പുറമെ നിരവധി ജാതി മരങ്ങളും കനത്ത മഴയില്‍ നശിച്ചു.
ഒരു ജാതിക്ക മരത്തില്‍ നിന്നും 30,000 രൂപയുടെ വരുമാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി.
കൃഷി നാശം സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."